posted by : Rafeeqm Tvc
സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന മലയാളി ഹൗസ് റിയാലിറ്റി ഷോയ്ക്കെതിരെ തോക്കു സ്വാമിയെന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രംഗത്തെത്തി. രാഹുല്‍ ഈശ്വര്‍, ജി.എസ്.പ്രദീപ്, സിന്ധു ജോയ്, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ കേരളത്തിലെ ആഭാസന്മാരുടെ വക്താക്കളാണെന്ന് സ്വാമി പറഞ്ഞു. തന്റെ ബ്ലോഗിലൂടെയാണ് മലയാളി ഹൗസിനെതിരെ തോക്കുസ്വാമി ആഞ്ഞടിക്കുന്നത്. "രാഹുലിന്റെ റിയാലിറ്റി" എന്ന പേരില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സ്വാമി നടത്തുന്നത്.
ലണ്ടനില്‍ നിന്ന് ബിരുദം നേടി വന്ന രാഹുല്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെയും, ശബരിമല തന്ത്രി കുടുംബത്തിന്റെയും സല്‍പ്പേര് തകര്‍ക്കാനുള്ള ബിരുദമാണ് നേടിയതെന്ന് സ്വാമി കുറ്റപ്പെടുത്തുന്നു. യുവതലമുറയെ വഴി തെറ്റിക്കുന്ന അശ്ലീല ചുവയുള്ള പരിപാടികള്‍ ചാനല്‍ അധികൃതര്‍ സംപ്രേഷണം ചെയ്യാന്‍ പാടുള്ളതല്ല. എന്ത് അഴിഞ്ഞാട്ടത്തിനും തയ്യാറായി നില്‍ക്കുന്ന സ്ത്രീകളെ കണ്ട് മദമിളകുന്ന കാമവെറിയന്മാരുടെ ഇരകളാകുന്നത് സൗമ്യയേയും, ജ്യോതിയേയും പോലുള്ള നിരപാധികളായ സ്ത്രീ സമൂഹമാണെന്നും സ്വാമി ബ്ലോഗില്‍ കുറിക്കുന്നു.
ആഭാസപരിപാടി നടത്തിയ ചാനല്‍ അധികൃതരും പങ്കെടുത്ത അഴിഞ്ഞട്ടക്കാരും സമൂഹത്തോട് മാപ്പ് പറയണമെന്ന് സ്വാമി ആവശ്യപ്പെടുന്നു. രാഹുല്‍ ഈശ്വര്‍ എങ്കിലും ഇത്തരത്തിലുള്ള അഴിഞ്ഞാട്ട പരിപാടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതായിരുന്നു. രാഹുല്‍ ഈശ്വറിന്റെ പ്രവര്‍ത്തികള്‍ തന്ത്രി കുടുംബാംഗമെന്ന നിലയില്‍ ശബരിമല ധര്‍മ്മശാസ്താവിന്റെ യശസിന് കോട്ടം തട്ടിക്കുന്നവയാണെന്നും, രാഹുല്‍ ഈശ്വറിന്റെ ആര്‍ഷഭാരത സംസ്കാരം പൊള്ളയായ അവകാശവാദമാണെന്നും സ്വാമി ആരോപിക്കുന്നു.
ഭാരതത്തിലെ സഹോദരികളെ സംരക്ഷിക്കുകയും ഭാരതത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടിയിരുന്ന രാഹുല്‍ ഈശ്വറിന്റെ "തനിനിറം" പുറത്തുവന്നതില്‍ ലജ്ജിക്കുന്നുവെന്നും സ്വാമി പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ പോലെയുള്ള സമുദായ നേതാക്കള്‍ രാഹുല്‍ ഈശ്വറിനെ പോലെയുള്ള കപട സാംസ്‌കാരിക വാദികളുടെ വക്താക്കളായതില്‍ സമൂഹത്തിന് വേദനയുണ്ടെന്ന് പറഞ്ഞാണ് സ്വാമി ബ്ലോഗ് അവസാനിപ്പിക്കുന്നത്. തന്റെ വെബ്‌സൈറ്റായ maheshwara.me ബ്ലോഗിലാണ് മഹേശ്വര ഹിമവല്‍ ഭദ്രാനന്ദ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലും പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.