Search the blog

Custom Search

ഏകനായ ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ ??? ഞങ്ങള്‍ക്കൊരു രക്ഷകനെ തരൂ


ആയിരം ഈര്‍ച്ചവാളുകള്‍ കൊണ്ട് ശ്വാസനാളങ്ങള്‍ കീറിമുറിക്കുന്ന വേദന. വായില്‍ നിന്ന് നുരയും പതയും വന്നു പിടഞ്ഞു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍. വിഷവാതകം കൊന്നു തീര്‍ക്കുതന്നതിനു മുമ്പ്, പൊന്നോമനകളുടെ അന്ത്യം കണ്ടു ഹൃദയം പൊട്ടി മരിക്കുന്ന മാതാക്കള്‍. കണ്ണെത്തും ദൂരത്തോളം നിരനിരയായി കിടക്കുന്ന കഫന്‍ പുടവയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍.

മാനവകുലത്തിന്റെ മോചനം വാഗ്ദാനം ചെയ്ത ഒരു പ്രത്യയശാസ്ത്രം അനന്തരമെടുത്ത സമുദായത്തിന്റെ വര്‍ത്തമാനകാല ഛായാചിത്രം!


അവസാന യാത്രക്ക് തയ്യാറാവുക! ശ്മശാനങ്ങളെ സ്വപ്നം കാണുക! ഭൂമിയുടെ പുറന്തോടിനെക്കാള്‍ ഖബറിടങ്ങള്‍ നന്നായിരുന്നേനെ എന്ന് വിലപിക്കുക! അന്ത്യകാഹളത്തിനു കാതോര്‍ക്കുക! ഇനിയുള്ള നാളുകളില്‍ ചെയ്യാനുള്ളത് ഇത് മാത്രം! എല്ലാം കിത്താബില്‍ പ്രവചിച്ച അലാമത്തുകളുടെ സാക്ഷാത്കാരങ്ങള്‍.

വിശ്വാസത്തിനു ശക്തി പോരാ.... അനുഷ്ടാനങ്ങള്ക്ക് ആത്മാര്‍ത്ഥതയില്ല.... പണ്ഡിത നേതൃത്വത്തിന്റെ പതിവ് പരിഹാരങ്ങള്‍!!! വിശ്വാസിയുടെ മുന്നില്‍ ഭൂമി ചുരുങ്ങി വരികയാണ്.


നിശ്ചയമായും ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കപ്പെടേണ്ടതുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. 'പ്രതിപക്ഷം' ഉയര്‍ത്തുന്ന പരിഹാസങ്ങളും കുത്ത് വാക്കുകളും മറന്നേക്കുക. കൊടുമകള്‍ പെയ്തിറങ്ങുന്ന പ്രതികൂലമായ ഈ സാഹചര്യത്തില്‍ മാത്രമല്ല, ഇസ്ലാമിന്റെ ഏറ്റവും ഉജ്ജ്വലമായ കാലങ്ങളില്‍ പോലും ഇരുട്ടിന്റെ കൊടിവാഹകര്‍ വെറുതെയിരുന്നിട്ടില്ല. അവര്‍ ഇതിനെ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതല്ല പ്രശ്നം. നമുക്ക് നമ്മെ തൃപ്തിപ്പെടുത്തിയേ മതിയാവൂ. 'മരിച്ചവരെ എങ്ങനെയാണ്, ദൈവമേ, നീ പുനര്‍ജ്ജീവിപ്പിക്കുന്നത്' എന്ന് മന:സമാധാനത്തിനു വേണ്ടി അബ്രഹാം അലൈഹിസ്സലാം ചോദിച്ചപോലെ... സ്വയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കാണ് എപ്പോഴും ആത്മാര്‍ത്ഥമായ മറുപടികള്‍ ലഭിക്കുക.


എന്ത് പറ്റീ നമുക്ക്? എവിടെയാണ് പിഴച്ചത്? ഒലിവ് മരങ്ങള്‍ മുളപൊട്ടിയിരുന്ന നമ്മുടെ ഭൂമി കവചിത വാഹനങ്ങള്‍ ഉഴുതു മറിച്ച് അശാന്തിയുടെ വിത്തുകള്‍ പാകുന്നു. സമാധാനത്തിന്റെ വെള്ളിപ്പിറാവുകള്‍ പറന്നു നടക്കുമായിരുന്ന നമ്മുടെ ആകാശങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ തീമഴ ചൊരിയുന്നു. വിഹ്വലതകളുടെ നടുവില്‍ ഉമര്‍ (റ) ശങ്കിച്ച പോലെ, നാം സത്യത്തിന്റെ വക്താക്കള്‍ തന്നെയല്ലേ? ജീവന്റെ ജീവനായി നാം നെഞ്ചോട് ചേര്‍ത്ത ഈ പ്രത്യയശാസ്ത്രം നമ്മെ വഞ്ചിക്കുകയായിരുന്നോ?


സംശയങ്ങള്‍ നമുക്കാണ്. ടീവീ ചാനലുകളില്‍ മിന്നി മറയുന്ന ദുരിതങ്ങള്‍ ഒരു ഹൊറര്‍ ചിത്രം കാണുന്ന ഭീതിയോടെ നാം അനുഭവിക്കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷെ അതിന്റെ അസ്വസ്ഥതയുടെ ആയുസ്സ് തൊട്ടുപിറകെ വരുന്ന കമേഴ്സ്യല്‍ ബ്രേക്ക് വരെ മാത്രമാണ്. അത് കഴിഞ്ഞാല്‍, ചായക്ക്‌ മധുരം കുറഞ്ഞതിനു ഭാര്യയുടെ നേരെ നെറ്റി ചുളിക്കുകയോ, ഗൃഹപാഠം ചെയ്യാതെ വീഡിയോ ഗെയിമുകളില്‍ വ്യാപൃതരായ കുട്ടിക്കളെ ശകാരിക്കുകയോ ചെയ്യുന്ന പതിവ് കലാപരിപാടികളിലേക്ക് നാം മടങ്ങുകയും ചെയ്യും. എന്നിട്ടും നാം സംശയിക്കുന്നു. പക്ഷെ ഈ നരക യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പച്ചമനുഷ്യര്‍ ഒരു നിമിഷം, ഒരു നിമിഷാര്‍ദ്ധം പോലും തങ്ങളുടെ ആദര്‍ശത്തെ സംശയിച്ചതായി കേട്ടുകേള്‍വി പോലുമില്ല. പിടഞ്ഞുവീഴുമ്പോഴും, പിടയാന്‍ പോലും അവസരം ലഭിക്കാതെ മരിച്ചു വീഴുമ്പോഴും അവരുടെ ചുണ്ടുകളില്‍ കാതു ചേര്‍ത്താല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുക ഈ ആദര്‍ശത്തിന്റെ തിരുമൊഴികളായിരിക്കും. അവര്‍ സംശയിച്ചേയില്ല. പിന്നെ നാമെന്തിനു സംശയിക്കണം!


സങ്കീര്‍ണ്ണങ്ങളമായ പ്രശ്നങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അവ പക്ഷെ അസാധാരണങ്ങളല്ല. വിശ്വാസി സമൂഹത്തിനു ഇവ പരിചിതങ്ങളാണ്. വിശ്വാസികള്‍ ഭീകരവാദികളും ഭ്രാന്തരുമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ ശിരസ്സറുത്തു. ഈര്‍ച്ചവാളുകള്‍ കൊണ്ട് ശരീരം രണ്ടായി പിളര്‍ന്നു . ഇരുമ്പ് ചീര്‍പ്പു കൊണ്ട് മാംസം ചീന്തിയെടുത്തു. പട്ടിണിക്കിട്ടു. പിറന്ന നാട്ടില്‍ നിന്നു അടിച്ചോടിച്ചു. മര്‍ദ്ദനോപകരണങ്ങള്‍ സാങ്കേതികമായി കൂടുതല്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതു മാത്രമാണ് വ്യത്യാസം.



ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പ്രശ്നകലുഷിതമാണ് എന്ന ആരോപണം സാര്‍വത്രികമാണ്. അതിനു കാരണം ഈ ആദര്‍ശത്തിന്റെ തന്നെ വൈകല്യങ്ങളാണ് എന്നാണു ചിലര്‍ വിലയിരുത്തുന്നത്. ലോകത്ത് മുഴുവന്‍ നന്മയും സമാധാനവും വിളയാടുകയാണെന്നും ഇസ്ലാമും ഇസ്ലാമിക സമൂഹവും മാത്രമാണ് ഇതിനു അപവാദം എന്നതു വ്യാജമായ ആരോപണം മാത്രമാണ്. ഏറിയോ കുറഞ്ഞോ എല്ലാ ജന സമൂഹങ്ങളിലും പ്രശ്നങ്ങളുണ്ട്. സമാധാനത്തിന്റെ നാളുകളിലൂടെ മനുഷ്യരാശി കടന്നുപോയത് യുദ്ധങ്ങളുടെ അപൂര്‍വ്വം ചില ഇടവേളകളില്‍ മാത്രമാണ്. ഈ ഇടവേളകളാകട്ടെ, മറ്റൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പ് കാലങ്ങളായിരുന്നു എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. ലോകം മുഴുവന്‍ നന്മയും നീതിയും ക്ഷേമവും നിലനില്‍ക്കുക എന്നത് മാത്രമാണ് സമ്പൂര്‍ണ്ണ സമാധാനത്തിനുള്ള ഒരേ ഒരു പോംവഴി. അങ്ങനെ ഒരു അവസ്ഥ സ്വപ്നത്തില്‍ കാണാന്‍ പോലും മനുഷ്യന് കഴിയില്ല. ടോള്‍ക്കിന്റെ കഥാപാത്രം ഗണ്ടാള്‍ഫ് പറയുന്നത് പോലെ "നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധം നമ്മോടോപ്പമുണ്ടായിരുന്നു, എന്നും." എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ കേട്ടാല്‍ തോന്നുക യുദ്ധം കണ്ടുപിടിച്ചത് തന്നെ ഇസ്ലാമാണെന്നാണ്. കഴിഞ്ഞ മുവ്വായിരം വര്‍ഷങ്ങളിലെ യുദ്ധ ചരിത്രം പരിശോധിച്ചാല്‍, മനുഷ്യന്‍ ചെയ്തിട്ടുള്ള യുദ്ധങ്ങളില്‍ നാല് ശതമാനത്തില്‍ മാത്രമാണ് ഇസ്ലാമിന് നേരിട്ടോ അല്ലാതെയോ ബന്ധമുള്ളത്. അതില്‍ തന്നെ പലതും മുസ്ലിംകള്‍ പരസ്പരം ചെയ്ത യുദ്ധങ്ങളാണ്.


എല്ലാ ആദര്‍ശ പ്രസ്ഥാനങ്ങളും, അവ സമൂഹത്തില്‍ സജീവമായി നിലനിന്നിരുന്ന കാലങ്ങളില്‍ സംഘര്‍ഷങ്ങളെ നേരിട്ടിട്ടുണ്ട്. എല്ലാ അവതാര കാലഘട്ടങ്ങളിലും യുദ്ധമോ യുദ്ധ സമാനമോ ആയ അവസ്ഥയുണ്ടായിരുന്നു. മോസസിന്റെയും ജീസസിന്റെയും എന്തിനു ബുദ്ധന്റെയും കാലങ്ങൾ പോലും വ്യത്യസ്തമല്ലായിരുന്നു. കമ്മ്യൂണിസത്തിന്റെ തുടക്കത്തിലും അതു ചോരപ്പുഴകൾ ഒഴുക്കിയിട്ടുണ്ട്‌. അതായത്‌ എതൊരു വ്യവസ്ഥയും സജീവമായിരുന്ന കാലത്തു അതിന്റെ വിരുദ്ധ ചേരികളിൽ ഉണ്ടായിരുന്നവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. ഇന്നു ആ വ്യവസ്ഥകള്‍ക്ക് പ്രശ്നങ്ങൽ ഇല്ല എന്നു പറഞ്ഞാൽ അതിന്റെ അര്‍ത്ഥം അവ നിർജ്ജീവമാക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തു എന്നാണു. ഇസ്ലാം ഇന്നും സജീവമാണു. അത്‌ മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടേ ഇരിക്കുന്നു. ഈ സജീവമായ അവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ ഒരു പരിധി വരെ ചിലര്‍ വിജയിക്കുന്നുണ്ട്. ആഭ്യന്തരമായ ചില ആശങ്കകള്‍ ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.


എന്തുകൊണ്ട് ഇസ്ലാമിന്റെ മണ്ണ്‍, താരതമ്യേന കൂടുതല്‍ അശാന്തമാകുന്നു എന്ന ചോദ്യത്തിനു തീര്‍ച്ചയായും പ്രസക്തിയുണ്ട്. എണ്ണ തേടിയെത്തു സാമ്രാജിത്വത്തിന്റെ ദുഷ്ട ലാക്കാണ് എല്ലാ ദുരിതങ്ങളുടെയും ഹേതു എന്ന വ്യാഖ്യാനം വളരെയേറെ ലളിതവല്‍ക്കരിക്കപ്പെട്ട ഒന്നാണ്. എണ്ണയെക്കാള്‍ കൂടുതല്‍ സാമ്രാജിത്വത്തെ അലോസരപ്പെടുത്തുന്നത് സംസമാണ്. ഉറവ വറ്റാത്ത ഈ ആദര്‍ശത്തെ ഭയെപ്പെടേണ്ടതുണ്ട് എന്ന് പുനര്‍ജ്ജനി തേടുന്ന കൊളോണിയലിസത്തിന്റെ പ്രേതാത്മാക്കള്‍ക്കും നന്നായറിയാം. കുരിശുയുദ്ധങ്ങള്‍ അവസാനിക്കുന്നില്ല എന്ന പ്രസ്താവനകള്‍ നാക്ക് പിഴകളായി കാണുന്നത് വലിയ അബദ്ധമായിരിക്കും.

എല്ലാം പുറത്ത് നിന്ന് മാത്രം വരുന്ന വേതാളങ്ങളാണെന്നു നാം തെറ്റിദ്ധരിക്കേണ്ടതില്ല. സാമിരിമാരും ജൂദാസുകളും അബ്ദുല്ലാഹിബിനു ഉബയ്യുമാരും ഈ സമൂഹത്തില്‍ എന്നും ജാഗരൂകരായിരിക്കും.


അങ്ങകലെ, അറബിക്കഥകളുടെ നാട്ടില്‍ നടക്കുന്ന പ്രേതാത്മാക്കളുടെ സംഹാരതാണ്ഡവം നമ്മെ സംബന്ധിച്ചിടത്തോളം ഭാവിയിലെ ചരിത്ര പാഠപുസ്തകത്തിലെ ഒരേട്‌ മാത്രമായിരിക്കും എന്നും വ്യാമോഹിക്കേണ്ട. അവമതികളുടെ കാര്യത്തില്‍ മുര്‍സിയും മദനിയും ഗുജറാത്തും സിറിയയും വ്യത്യസ്തമാകുന്നത് ഭൂമിശാസ്ത്രപരമായി മാത്രമായിരിക്കും.

post coutesy Ali Mavilayi

link

Related Posts Plugin for WordPress, Blogger...