------------------------------------------------------------
സംസ്ഥാന നിയമസഭ ഈ വർഷം 37 ദിവസമേ സമ്മേളിച്ചുള്ളൂ. പക്ഷേ, അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളത്തിനും മറ്റുമാ
യി ഒരു വർഷത്തിനിടെ ചെലവഴിച്ചത് 64 കോടി രൂപ. പൊലീസിന്റെ സുരക്ഷാ ക്രമീകരണത്തിനും, ചോദ്യോത്തരവും സബ്മിഷനുകളുടെ മറുപടിയും മറ്റും തയ്യാറാക്കുന്നതിനും ഓരോ സമ്മേളനകാലത്തും വിവിധ സർക്കാർ വകുപ്പുകൾ ചെലവഴിക്കുന്ന കോടികൾ വേറെ. ഈ സഭ നിലവിൽ വന്ന ശേഷമുള്ള 25 മാസത്തിനിടെ പ്രതിപക്ഷം 91 തവണ ഇറങ്ങിപ്പോയി. 35 പ്രാവശ്യം നടുത്തളത്തിലിറങ്ങി സഭാനടപടികൾ തടസപ്പെടുത്തി. ഒരു മിനിട്ട് സമ്മേളിക്കുന്നതിന് ഖജനാവിൽ നിന്ന് 1230 രൂപ ചെലവഴിക്കെയാണ് നിസാരകാര്യങ്ങൾക്ക് പോലും ഇറങ്ങിപ്പോക്ക്. സോളാർ കേസിലെ സരിതയുടെ പേരിൽ പല ദിവസവും നടപടികൾ തടസപ്പെട്ടു. സഭാ നടപടികൾ തടസപ്പെട്ടാലും അംഗങ്ങൾക്ക് ദിവസവും 750 രൂപ വീതം സിറ്റിംഗ് അലവൻസ് ലഭിക്കും. ബഹളം നടക്കുന്ന ദിവസം സഭയിൽ എത്തിയില്ലെങ്കിലും ചില അംഗങ്ങൾ അടുത്ത ദിവസമെത്തി തലേദിവസത്തെ ഹാജർ കൂടി രേഖപ്പെടുത്തി സിറ്റിംഗ് ഫീസ് വാങ്ങാറുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള എം.എൽ.എമാർക്ക് ഒരു മാസം 40, 500 രൂപ ശന്പളമായി ലഭിക്കും. മറ്റ് ജില്ലകളിലെ എം.എൽ.എമാർക്ക് യാത്രാബത്ത കൂടുതലായതിനാൽ വരുമാനം കൂടും. ഒരു കിലോമീറ്ററിന് എട്ട് രൂപയാണ് യാത്രാബത്ത. സഭയുടെ കമ്മിറ്റികൾ ചേരുകയാണെങ്കിൽ സിറ്റിംഗ് ഫീസായി 750 രൂപ വേറെ ലഭിക്കും. പുസ്തകങ്ങൾ വാങ്ങാൻ ഒരു വർഷം 15,000 രൂപയുടെ അലവൻസുണ്ട്. വീടു വയ്ക്കാൻ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. വാഹനം വാങ്ങാൻ നൽകുക അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയാണ്. പതിമ്മൂന്നാം നിയമസഭ 2011 ൽ തുടങ്ങിയപ്പോൾ 55 ദിവസം സമ്മേളിച്ചു. 2012 ൽ 49 ദിവസമായി ചുരുങ്ങി. ഈ വർഷം വെറും 37 ദിവസം. ധനാഭ്യർത്ഥനകളിൽ 45 എണ്ണത്തിൽ 36 എണ്ണവും ചർച്ച കൂടാതെയാണ് പാസാക്കിയത്. ചർച്ച കൂടാതെ പാസാക്കിയ ബില്ലുകളുടെ എണ്ണവും വളരെ കൂടി. ഫലപ്രദമായ ചർച്ചയോ സംവാദമോ നടത്തുന്നതിന് പകരം അംഗങ്ങൾക്ക് ഇറങ്ങിപ്പോക്കിലും നടുത്തളത്തിലിറങ്ങിയുള്ള തടസപ്പെടുത്തലിലുമാണ് താത്പര്യം. ചർച്ചയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പോടെയല്ല പല അംഗങ്ങളും സഭയിൽ എത്തുന്നത്.