Search the blog

Custom Search

ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ!!!

posted by Sadique Sadi

ഒരു വ്യക്തിക്ക് വട്ടായാല്‍ കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ട് ചെന്നാക്കാം. പക്ഷെ ഒരു പാര്‍ട്ടിക്ക് വട്ട് പിടിച്ചാല്‍ അത് പറ്റില്ല. കൊച്ചിയിലെ ലുലു മാളിന് അനുമതി നല്കിയതും ഭൂമി നല്കിയതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. എല്ലാ പേപ്പറുകളിലും കാശ് വാങ്ങാതെയും വാങ്ങിച്ചും ഒപ്പിട്ടു കൊടുത്തത് ഇടത് നേതാക്കളും മന്ത്രിമാരുമാണ്‌. അതിന്റെ പണി നടക്കുമ്പോള്‍ പല്ലിളിച്ച് തെക്ക് വടക്ക് നടന്നതും സഖാക്കളാണ്. മാത്രമല്ല, മാളിന്റെ ഉദ്ഘാടനത്തിന് എം എ യൂസഫലിയെ കെട്ടിപ്പിടിച്ച് ലാവിഷായി പ്രസംഗിച്ച് ചായയും കുടിച്ച് പിരിഞ്ഞു പോയത് പ്രതിപക്ഷ നേതാവ് സഖാവ് വി എസ്സാണ്. എന്നിട്ടിപ്പോള്‍ അതേ പാര്‍ട്ടിക്കാര്‍ പറയുന്നു ലുലു മാള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന്. അതിനു പിന്നില്‍ വഞ്ചനയും അഴിമതിയും നടന്നിട്ടുണ്ടെന്ന്!. ചോര തിളക്കും തീപ്പന്തങ്ങള്‍ വെറുതെ വിടില്ലെന്ന്!!. അതാണ്‌ ഞാന്‍ പറഞ്ഞത് ഇത് കുതിരവട്ടം കൊണ്ടും അവസാനിക്കുന്ന കേസല്ലെന്നത്.

ഒരു സംരംഭത്തിന് എല്ലാ അനുമതിയും നല്‍കി പിറകെ കൂടിയവര്‍ തന്നെ ആ സംരംഭം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കൊടി പിടിച്ച് വന്നാല്‍ ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ കണ്ട്രോള് പോകും. യൂസഫലിയെന്നല്ല എന്റെ നാട്ടില്‍ പെട്ടിക്കട നടത്തുന്ന ഇന്നോളം ആരോടും മുഖം കറുപ്പിച്ചിട്ടില്ലാത്ത വാസുവേട്ടന്‍ വരെ ചൂടാവും. കൊച്ചിയില്‍ ആരംഭിക്കാനിരിക്കുന്ന എണ്ണൂറു കോടിയുടെ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിന്റെ പദ്ധതി നിര്‍ത്തിവെക്കുന്നതായി യൂസഫലി പ്രഖ്യാപിച്ചതില്‍ അതുകൊണ്ട് തന്നെ ഒട്ടും അത്ഭുതമില്ല.

കൊച്ചി തുറമുഖ അതോറിറ്റിയുടെ കീഴിലുള്ള കണ്ണായ ഇരുപത്തിയാറു ഏക്കര്‍ ഭൂമി ഒരു സ്വകാര്യ മുതലാളിക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനം ശരിയോ എന്ന വിഷയത്തില്‍ രണ്ടഭിപ്രായം ഉണ്ടാവും. തികച്ചും സ്വാഭാവികമാണത്. വളരെ ശ്രദ്ധിച്ചും പഠിച്ചും ചെയ്യേണ്ട സംഗതിയുമാണത്. പക്ഷേ സര്‍ക്കാര്‍ അത് പാട്ടത്തിന് കൊടുക്കാന്‍ വേണ്ടി ടെണ്ടര്‍ വിളിക്കുകയും നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ തുക ടെണ്ടര്‍ നല്കിയ ഒരു നിക്ഷേപകന് അത് ലഭിക്കുകയും ചെയ്‌താല്‍ അതില്‍ ആ നിക്ഷേപകനെ തെറി പറയേണ്ട എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. അയാളില്‍ നിന്ന് ടെണ്ടര്‍ തുകക്കുള്ള കാശ് വാങ്ങി കീശയിലിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം ഇത് മുതലാളിത്ത ചൂഷണമാണ്, ബൂര്‍ഷ്വാസിയുടെ തേങ്ങാക്കുലയാണ് എന്നൊക്കെ പറയുന്നത് മിതമായ ഭാഷയില്‍ തെണ്ടിത്തരമല്ലേ. ഇത്തരമൊരു ഭരണ രാഷ്ട്രീയ സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളതെന്നു വന്നാല്‍ തലയ്ക്കു വെളിവുള്ള ഏതെങ്കിലും നിക്ഷേപകന്‍ നമ്മുടെ മണ്ണിലേക്ക് വരുമോ?

യൂസഫലിയെ സംബന്ധിച്ചിടത്തോളം കൊച്ചിയിലെ മാളു കൊണ്ട് കഞ്ഞി കുടിച്ചു പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇതുപോലുള്ള നൂറിലധികം മാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിനുണ്ട്. ഓരോ മാസവും ഓരോ മാള്‍ വീതം അദ്ദേഹം തുറക്കുന്നുമുണ്ട്. അതിലൊക്കെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് യുവതീ യുവാക്കള്‍ തൊഴിലെടുക്കുന്നുണ്ട്. ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് കച്ചവടം നടത്തി കാശുണ്ടാക്കുന്ന ഒരു വ്യവസായിയാണ് അദ്ദേഹം. കേരളത്തെ ഉദ്ധരിക്കാനാണ് അദ്ദേഹം ഇവിടെ വന്നത് എന്ന് പറയുന്നത് ഒരു തമാശയായിട്ട് മാത്രം കൂട്ടിയാല്‍ മതി. ഏത് വ്യവസായിയും ഒരു സംരംഭം തുടങ്ങുന്നത് തറവാട് വിറ്റ് നാട്ടുകാരെ നന്നാക്കാനല്ല. അവര് കാശുണ്ടാക്കും. അതോടൊപ്പം അതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്ന നിരവധി പേര്‍ ജീവിച്ചു പോവുകയും ചെയ്യും. ഇതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ഏത് പോളിറ്റ് കൂറോ വിചാരിച്ചാലും ലോകത്ത് മൊത്തം നടക്കുന്ന ഈ പ്രതിഭാസത്തെ ഇല്ലായ്മ ചെയ്യാനുമാവില്ല.

സി പി എമ്മിനകത്തെ പടലപ്പിണക്കങ്ങളോ എം എം ലോറന്‍സും വി എസ്സും തമ്മിലുള്ള തുറന്ന യുദ്ധമോ കേരളത്തില്‍ പണം മുടക്കാന്‍ തയ്യാറാവുന്ന ഒരു നിക്ഷേപകനെ കുരങ്ങ് കളിപ്പിക്കാനുള്ള ന്യായീകരണമല്ല. നമുക്ക് വേണ്ടത് തൊഴില്‍ സംരംഭങ്ങളും നിക്ഷേപവും നമ്മുടെ നാട്ടില്‍ വരികയെന്നതാണ്. ഇത്തരം സംരംഭങ്ങള്‍ക്ക്‌ നല്കാവുന്ന ഭൂമിയേത്‌, നല്കാന്‍ പറ്റാത്ത ഭൂമിയേത്‌ എന്ന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടും സമീപനവും ഭരണ രംഗത്തുള്ളവര്‍ക്ക് ആദ്യമുണ്ടാവണം. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ നിക്ഷേപകരെ വട്ടം കറക്കാതിരിക്കാനുള്ള സന്മനസ്സും വേണം. വന്‍കിട സംരംഭങ്ങള്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നതു അവിതര്‍ക്കിതമാണ്. അത്തരം സംരംഭങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ആട്ടിയോടിക്കുക വഴി നാം ചെയ്യുന്നത് വളരുന്ന തലമുറയോടുള്ള കൊടും പാതകമാണ്. കട്ടന്‍ ചായയും പരിപ്പുവടയും തിന്നു പണിയില്ലാതെ തെക്ക് വടക്ക് നടക്കുന്ന മന്ദബുദ്ധികളാക്കി കേരളത്തിലെ ചെറുപ്പക്കാരെ മാറ്റിയെടുത്താല്‍ മാത്രമേ തങ്ങളുടെ പാര്‍ട്ടിക്ക് കൊടി പിടിക്കാന്‍ ആളെക്കിട്ടൂ എന്ന് കരുതുന്ന പ്രത്യയശാസ്ത്ര അസംബന്ധത്തെ ഇനിയെത്ര കാലം നമുക്ക് കൊണ്ട് നടക്കാനാവും?

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ അടിയന്തിരമായ ഒരു പ്രത്യയശാസ്ത്ര ചികിത്സ ആവശ്യമുണ്ട്. ഈ സ്വതന്ത്ര കമ്പോള ആഗോളവത്കരണ കാലത്ത് തങ്ങളുടെ നിലപാട് എന്ത് എന്ന് സ്വയം തിരിച്ചറിയുന്ന ഒരു പ്രത്യയ ശാസ്ത്ര ചികിത്സ. കൊയ്ത്തു യന്ത്രത്തെയും ട്രാക്റ്ററിനെയും കമ്പ്യൂട്ടറിനെയും എതിര്‍ത്ത പഴയ കാല വരട്ടു വാദമാണോ അതോ മാറിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രായോഗിക നിലപാടുകളാണോ വേണ്ടത് എന്ന് ഒരു തീര്‍പ്പിലെത്തുക. ഇതിനു രണ്ടിനുമിടയിലുള്ള ആണും പെണ്ണും കെട്ട ഒരു സമീപനമല്ല വേണ്ടത്. ഭരണത്തിലെത്തുമ്പോള്‍ പ്രായോഗിക നിലപാടുകളും ഭരണത്തില്‍ നിന്ന് ഇറങ്ങിയാല്‍ വരട്ടു വാദവും എന്ന സമീപനം ഒരു തലമുറയെ കൊലക്കു കൊടുക്കുന്നതിനു സമാനമാണ്. ഇതൊരു നിക്ഷേപകന്റെ പിന്മാറ്റത്തിന്റെ മാത്രം പ്രശ്നമല്ല, ഒരു സംസ്ഥാനത്തിന്റെ കാഴ്ചപ്പാടിന്റെയും ഭാവിയുടെയും പ്രശ്നമാണ്.

ചുരുങ്ങിയത് പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു സംരംഭത്തെ കേരളത്തിന്റെ അതിര്‍ത്തി കടത്തി ഓടിച്ചതില്‍ സഖാക്കള്‍ക്ക് അഭിമാനിക്കാം. മറ്റൊരു ചരിത്ര ദൗത്യവും കൂടി നിറവേറ്റപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള ചരിത്ര ദൗത്യങ്ങള്‍ തുടര്‍ന്നുകൊണ്ടു കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരോട് പാര്‍ട്ടി ഇനിയും ‘കരുണ’ കാട്ടേണ്ടതുണ്ട്.

2 അഭിപ്രായങ്ങൾ:

  1. Ningalude ee mahathaaya lekhanam Basheer Vallikkunnu copy adichathaayi kandu..

    മറുപടിഇല്ലാതാക്കൂ
  2. ആരാ ഈ ബഷീര്‍ വള്ളിക്കുന്ന് ???? സഹോദരന്മാര്‍ ഷെയര്‍ ചെയ്യട്ടെ .... എല്ലാരും അറിയട്ടെ....സത്യം എന്നും ജയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...