posted by :Ullath Parayum
ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..!
ബീമാപള്ളിയിൽ നടന്ന പോലീസ് അഴിഞ്ഞാട്ടത്തിനു, നിരപരാധികളെ കൂട്ടക്കൊല ചെയ്ത ആ ഭീകര ദിനത്തിന് നാളെ (മെയ് 17 ) വർഷം നാല് പിന്നിടുമ്പോള്‍, കേരളീയരായ സാംസ്കാരിക മഹോന്നതർ എന്ന് വിടുവായത്തം പറയുന്നവർ അറിയാൻ ആഗ്രഹിക്കാത്ത അറിഞ്ഞിട്ടും ശ്രദ്ധിക്കാത്ത ഇന്നും ഹൃദയത്തില്‍ കനലെരിയുന്ന കുറെ മനുഷ്യരുടെ വേദനക്ക് കാരണക്കാരായ പോലീസുകാരായ കൊലയാളികൾ എന്നാണിനി ശിക്ഷിക്കപ്പെടുക.!
പാർട്ടി കോടതികൾ സ്ഥാപിച്ചു തങ്ങൾ ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച് ബാക്കി കൊലപാതകങ്ങളിൽ മനുഷത്വമില്ലന്നു നിർവചിച്ച് ഹർത്താലുകളും അക്രമവും ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാർക്കും, അല്ലെങ്കില്‍ മതവും വിശ്വാസവും, സംസ്കാരവും ഭിന്നിപ്പിച്ചു വളർത്തുന്നതില്‍ ആനന്ദം കാണുന്ന കൂമ്പടഞ്ഞ മനുഷത്വമുള്ള കേരളീയനു/രാഷ്ട്രീയ നേത്രിത്വങ്ങൾക്ക് തീരദേശികളായ പാവപ്പെട്ട ആ ആറുപേരുടെ ആത്മാക്കൾ ദുരാത്മാക്കൾ മാത്രമായി മാറിയോ.?
ഒരു കുരങ്ങനെ അടിച്ച്കൊന്നാൽ, മയിലിനെ പട്ടിപിടിച്ചാല്‍ അല്ലെങ്കില്‍ വെള്ളിമൂങ്ങക്ക് കെണിവച്ചാല്‍ വിഭ്രമവും ബേജാറും അനുഭവിച്ച് പാഞ്ഞണയുന്ന നമ്മുടെ സാഹിത്യ-പരിസ്ഥിതി സ്വപ്നജീവികളെയും ചാനൽ കുമാരീ കുമാരന്മാരെയും ബീമാപള്ളിയിൽ എവിടെയും അന്ന് ആ നിഷ്ടൂര പോലീസ് അഴിഞ്ഞാട്ട സമയങ്ങളില്‍ ആരും കണ്ടില്ല. ആറു മനുഷ്യജീവനുകൾ അതും ബീമാപള്ളിപോലൊരു തീര പ്രദേശത്തു അവിടെ നടന്ന കൂട്ടക്കൊല ഒരു സംഭവമോ അല്ലെങ്കില്‍ ആ പ്രദേശം കേരളത്തിലല്ല എന്ന് വൈകാരിക തോന്നലോ ആയി മാറിയതു ഒരുനടുക്കത്തോടെ അവിടത്തെ നിവാസികൾ കണ്ടു.
ഇതൊരു ആപൽക്കരമായ അയിത്താധിഷ്ടിത സാംസ്കാരിക കാപട്യമാണു. ശരിയായ മാനവിക പൗരസമൂഹം കെട്ടിപ്പെടുക്കാൻ ശ്രമിച്ച് ജീവിക്കുന്നവർ എന്ന് ധരിപ്പിച്ച് വിശ്വസിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതു ഭൂഷണമല്ല. ബീമാപള്ളി വെടിവെപ്പ് കേസില്‍ മാത്രം നീതിയുടെ കോടതിയും, നിർവഹണത്തിന്റെ പോലീസിനെയും സർക്കാരുകളെയും ഒരിടത്തും നാം കണ്ടില്ല.
പോലീസിനെതിരെ നരനായാട്ടിനു കേസെടുക്കണമെന്ന് പറഞ്ഞ ജില്ലാകോടതിയും എങ്ങുമെത്താതെ ഫയലുകള്‍ ക്ളോസ് ചെയ്യുന്നതാണ് കേരളം പിന്നീട് കണ്ടത്.
വെടിയേറ്റുമരിച്ചവരുടെ എഫ്.ഐ.ആർ ജാതകം നോക്കിയ ഏമാന്മാർ നാട്ടുകാർ പോലീസിനെ ആക്രമിച്ചെന്നും വർഗീയ കലാപത്തിനു ശ്രമിച്ചെന്നും വരുത്തിത്തീർത്ത്. ഇനി ഒരുപക്ഷേ ആ വെടിയേറ്റുമരിച്ച പാവങ്ങൾ സ്വയം ആത്മഹത്യാ ചെയ്തന്നായിരിക്കും ഭാവി കേരളം പാടിപ്പറയുക. കാരണം അതൊരു വര്‍ഗ്ഗീയലഹളയാക്കാൻ പോലീസും മനോരമ പോലുള്ള കേരളത്തിലെ ചില വർഗ്ഗീയ ഭാസിസ്റ്റ് പത്രങ്ങളൊക്കെ ശ്രമിച്ചിട്ടും കലാപമെന്ന് സ്ഥാപിക്കാനോ കലാപത്തിൽ പരുക്കേറ്റ ഒരാളെ സൃഷ്ടിക്കാനോ അവർക്ക്കഴിഞ്ഞില്ല. ലോഞ്ചർ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വർഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!
ഇനിയുള്ളതു സർക്കാർ ഇരന്ന് വാങ്ങിയ, ലക്ഷ്യങ്ങള്‍ ആദ്യമേ നിർണ്ണയിക്കപ്പെട്ട പുറത്തു വിടാതെ ആരെക്കയോ ഇന്നും അടയിരിക്കുന്ന ജുഡിഷ്യൽ അന്വേഷണ റിപ്പോര്‍ട്ടാണ്. അതിന്റെ ഭാവി ആദ്യമേ തന്നെ നിശ്ചയിച്ച് കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം അന്വേഷണങ്ങളിൾ നിന്നും നമ്മുടെ അനുഭവമതാണു. അത് കൊണ്ട് തന്നയാണ് ബീമാപള്ളി വെടിവെപ്പ് ജുഡിഷ്യൽ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാത്തതും.!
പക്ഷെ ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ കമീഷൻ മുമ്പാകെ കലക്ടര്‍ സമർപ്പിച്ച കാര്യവിവര പത്രികയിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ വെടിവെപ്പും ബലപ്രയോഗവും കലക്ടർ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് അതിലൊന്ന്.
ബീമാപള്ളി കൂട്ടക്കൊല നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതരായിരുന്നു. പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികൾക്ക് നേരിട്ട് ഇരയായിട്ടുള്ളവരത്രേ അവർ. ആ സമയത്ത് അവരുടെ നേതാക്കളിൽ പലരും അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും. അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാർ അവരുടെ കൈത്തരിപ്പു തീര്‍ക്കാൻ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോഴായിരുന്നു എന്നുള്ളത് ഒരു ദുരന്തമായി അവശേഷിക്കുന്നു.
'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്മറഞ്ഞുപോയ ഒരു സാഹിത്യ വിമര്ഷകൻ പറഞ്ഞിരുന്നു. അതു ശരിയാണെങ്കിൽ ബീമാപള്ളി നിവാസികൾ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളിൽ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അമ്പത് പേരിലേറെപ്പേർക്ക് മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന് കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളി മക്കൾ അപമാനിച്ചു.!
നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര് ഇനി എന്നാണു ഉണങ്ങുക.
വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലർക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സർക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ പ്രത്വേകിച്ചും.!
നിഷ്ടൂരമായ ഒരു കൂട്ടക്കൊലയുടെ പോലീസിലെ കാരണക്കാർ ശിക്ഷിക്കപ്പെടുന്ന ആ ദിനങ്ങള്‍ ഇനി എന്നാണ്. അതിനു വേണ്ടി ആരാണിനി ശബ്ദമുയര്‍ത്തുക.
കയ്യില്‍ വെട്ടി പരിക്കേൽപ്പിക്കുന്നവൻ രാജ്യദ്രോഹിയും പാകിസ്ഥാൻചാരനും, മുഖത്തു വെട്ടി കൊല്ലുന്നവൻ രാജ്യ സനേഹിയും ഈ രാജ്യം ഭരിക്കെണ്ടവനും ആയി തീരുമാനിക്കപ്പെടുന്ന ഈ മണ്ണില്‍ ഇനിയെന്നാണ് ആ ദിനമുണ്ടാവുക..