Search the blog

Custom Search

ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദര്‍ - നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

posted by Nichu Mon


ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന അവസാന ദിവസങ്ങളിലാണ്‌ നാം. ഈ രാത്രി ലൈലത്തുന്‍ മുബാറക അഥവാ അനുഗ്രഹത്തിന്റെ യാമങ്ങള്‍ കൂടിയാണ്‌. മനുഷ്യര്‍ക്ക്‌ അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ നാഥന്‍ തെരഞ്ഞെടുത്ത രാത്രിയാണത്‌.
``നിശ്ചയം നാമത്‌ (ഖുര്‍ആന്‍) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്‌ര്‍ എന്താണെന്ന്‌ നിനക്ക്‌ അറിയുമോ? ലൈലത്തുല്‍ ഖദ്‌ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അന്നു മലക്കുകളും റൂഹും (ജിബ്‌രീലും) തങ്ങളുടെ രക്ഷിതാവിന്റെ അനുമതിയോടെ എല്ലാ ആജ്ഞകളുമായി ഇറങ്ങുന്നതാണ്‌. പുലരും വരെ അന്ന്‌ സമാധാനം തന്നെയാണ്‌.'' (സൂറത്തുല്‍ഖദ്‌ര്‍) നിര്‍ണയത്തിന്റെ രാത്രി

പകല്‍ സമയങ്ങളില്‍ നമ്മുടെ തലയ്‌ക്കു മുകളില്‍ സൂര്യന്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. വൈകുന്നേരമാവുമ്പോള്‍ അത്‌ അസ്‌തമിക്കുന്നു. അടുത്ത ദിവസം അത്‌ വീണ്ടും ഉദിക്കുന്നു. അതിന്റെ ഉദയാസ്‌തമനങ്ങളും സഞ്ചാരവുമെല്ലാം നിര്‍ണിതങ്ങളാകുന്നു.

ഇന്ന്‌ സൂര്യന്‍ ഉദിച്ചത്‌ ഇന്നലെ ഉദിച്ച സമയത്താണോ? ഇന്ന്‌ സൂര്യന്‍ അസ്‌തമിക്കുന്നതും നാളത്തെ അസ്‌തമനവും തമ്മിലന്തരമുണ്ടോ? തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അടുത്ത വര്‍ഷം അതേ തിയ്യതി അതേ സമയത്ത്‌ തന്നെ സൂര്യന്‍ ഉദിക്കുന്നു. പിന്നീട്‌ അസ്‌തമിക്കുകയും ചെയ്യുന്നു. ഇതേ രൂപത്തിലുള്ള നിര്‍ണയം പ്രപഞ്ചത്തിലെ സര്‍വ വസ്‌തുക്കള്‍ക്കുമുണ്ട്‌. തദനുസാരം അവ ചരിക്കുന്നു. ചന്ദ്രനും ഗ്രഹങ്ങളും ഗോളങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും നിര്‍ണിതമായ സമയത്തിനും സഞ്ചാരപഥത്തിനും വിധേയമായി ചരിക്കുന്നു.

ഭൂമിയും ഇതിന്നപവാദമല്ല. ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം നിര്‍ണിതമായ ധര്‍മങ്ങളുണ്ട്‌. അവയുടെ ആയുഷ്‌കാലവും പ്രവര്‍ത്തനക്ഷമതയുമെല്ലാം കൃത്യത പുലര്‍ത്തുന്നവയാണ്‌. നമ്മുടെ ശരീരത്തിന്റെ അവസ്ഥയും ഇതില്‍ നിന്ന്‌ ഭിന്നമല്ല. മനുഷ്യന്റെ കാഴ്‌ചക്കും കേള്‍വിക്കും പരിമിതികളുണ്ട്‌. മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതങ്ങളാണ്‌. മനുഷ്യന്റെ ഭക്ഷണവും പാനീയവും താമസവും മരണവുമെല്ലാം സുനിശ്ചിതങ്ങളാണ്‌. അതെ, സ്ഥൂല ഗോളങ്ങള്‍ മുതല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ വരെ വ്യവസ്ഥാപിതവും നിര്‍ണയിക്കപ്പെട്ടതുമാണെന്നതില്‍ സന്ദേഹമില്ല. ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക. അവനാണവയെ സൃഷ്‌ടിച്ചത്‌. അതിനെ ക്രമീകരിച്ചതും അവനാണ്‌. അതിനെ നിര്‍ണയിച്ചതും അതിന്‌ വഴികാണിച്ചതും അവന്‍ തന്നെ.'' (വി.ഖു 87:1-3)

പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളുടെയും ജീവികളുടെയും എല്ലാ കാര്യങ്ങളും ആദിയില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ആ രേഖയാണ്‌ ലൗഹുല്‍ മഹ്‌ഫൂദ്‌. ജീവികളുടെ ജനനം, മരണം, ആഹാരപാനീയങ്ങള്‍, കര്‍മങ്ങള്‍, ജീവിതസന്ധാരണ മാര്‍ഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അതില്‍ ഉല്ലേഖനം ചെയ്‌തിട്ടുണ്ട്‌. റമദാന്‍ മാസത്തിലാണ്‌ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്‌. അത്‌ ജനങ്ങള്‍ക്ക്‌ സന്മാര്‍ഗദായകവും സന്മാര്‍ഗ വിശദീകരണവും സത്യാസത്യ വിവേചനവുമാണ്‌. നിങ്ങളില്‍ നിന്ന്‌ ആ മാസത്തില്‍ സന്നിഹിതരാകുന്നവര്‍ വ്രതമനുഷ്‌ഠിക്കട്ടെ.'' (2:185)

ഖുര്‍ആന്‍ അവതരിപ്പിച്ച മാസം വ്രതാനുഷ്‌ഠാനം നിര്‍ബന്ധമാണ്‌. അന്ന്‌ ``വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതം അനുഷ്‌ഠിച്ചവന്‌ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

റമദാനിന്റെ രാത്രികളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ പുണ്യകരമാണ്‌. ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ നമസ്‌കരിക്കുന്നവര്‍ക്ക്‌ പാപമോചനം ലഭിക്കുമെന്ന്‌ നബി(സ) വാഗ്‌ദാനം ചെയ്യുന്നു.

അബൂഹുറയ്‌റ(റ) പറയുന്നു: ``ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും നമസ്‌കരിക്കുന്നവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

നിര്‍ണയത്തിന്റെ രാത്രി റമദാനിലാണെന്ന്‌ ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. ഇബ്‌നുകസീര്‍(റ) തന്റെ ഖുര്‍ആന്‍ വിശദീകരണത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌ റമദാന്‍ മാസത്തിലാണെന്ന്‌ ഖുര്‍ആന്‍ 2:185ല്‍ സംശയമില്ലാത്തവണ്ണം വ്യക്തമാക്കുന്നു. അത്‌ ഒരു നിര്‍ണയിക്കപ്പെട്ട രാത്രിയിലാണെന്ന്‌ സൂറത്തുല്‍ ഖദ്‌റിലും പ്രസ്‌താവിക്കുന്നു. ഇതില്‍ നിന്നു തന്നെ റമദാനിലാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍ എന്നത്‌ ഗ്രാഹ്യമാണ്‌.

റമദാനില്‍ ഏതു ദിവസമാണത്‌ എന്ന്‌ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത്‌ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത്‌ റമദാനിലെ അവസാനത്തെ പത്തുദിവസങ്ങളിലേതെങ്കിലുമൊന്നിലായിരിക്കാമെന്ന്‌ ധാരാളം പ്രബലമായ നബിവചനങ്ങളിലുണ്ട്‌. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി(സ) പ്രോത്സാഹിപ്പിച്ചതായി കാണാവുന്നതാണ്‌.

ഇബ്‌നുഉമറി(റ)ല്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക്‌ ലൈലത്തുല്‍ ഖദ്‌ര്‍ അവസാനത്തെ ഏഴു ദിവസങ്ങളിലൊന്നിലാണെന്ന്‌ സ്വപ്‌നദര്‍ശനമുണ്ടായെന്ന്‌ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. അവരത്‌ നബി(സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്ന്‌ നബി(സ) അവരോട്‌ പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കാന്‍ അവരോട്‌ ആഹ്വാനം നടത്തുകയും ചെയ്‌തു.

ആയിരം മാസത്തെക്കാള്‍ ഉത്തമമായൊരു രാവ്‌! ഒരു മനുഷ്യന്‍ തന്റെ ആയുഷ്‌കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേക്കുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...