Search the blog

Custom Search

ഇസ്ലാമോഫോബിയയും ഇസ്ലാമും.

photo courtesy : Mustafa Kadangode

posted by Ramees Mohamed Odakkal

ഇസ്ലാമോഫോബിയ അഥവാ ഇസ്ലാം പേടി.. അല്ലെങ്കില്‍ ഇസ്ലാമിനോടുള്ള വിദ്വേഷം. അങ്ങനെയൊന്നു ഈ ലോകത്തിലില്ല എന്ന് പറയുന്നത് വിഡ്ഢിത്തം ആണ്.. കാരണം ചിലരെങ്കിലും അല്ലെങ്കില്‍ കുറെ പേരെങ്കിലും ഇസ്ലാമിനെ തങ്ങളുടെ മനസ്സില്‍ ഒരു ശത്രുസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട് എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യം ആണ്.. പക്ഷെ ഇസ്ലാമോഫോബിയക്ക്‌ അവര്‍ പറയുന്ന ന്യായീകരണം, ഇസ്ലാമിനോട് വിദ്വേഷം ഉണ്ടാവാന്‍ കാരണം ഇസ്ലാമിന്റെ അനുയായികള്‍ ലോകത്ത് നടത്തുന്ന വിനാശകരമായ പ്രവര്‍ത്തികളാണെന്നാണ് . മുസ്ലിംകള്‍ നടത്തുന്ന സ്ഫോടനങ്ങളും കൂട്ടക്കൊലകളും ആണ് ഇസ്ലാമോഫോബിയക്ക്‌ കാരണം എന്നവര്‍ വിശ്വസിക്കുന്നു.. പക്ഷെ, അത് കൊണ്ട് മാത്രമാണോ ഇസ്ലാമോഫോബിയ ഉണ്ടാവുന്നത് എന്നവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.. കാരണം, പതിനായിരങ്ങളെ കൊന്ന ഗുജറാത്ത് കലാപവും ബാബറി ധ്വംസനവും രാജ്യത്തെ നടുക്കിയ പല സ്ഫോടനങ്ങളും എന്തിനു ഗാന്ധിവധം പോലും പേരില്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇവിടെ ഒരു ഹിന്ദുഫോബിയ ഉണ്ടായില്ല എന്നവര്‍ ചിന്തിക്കാത്തതെന്ത്? (ഇന്ത്യയില്‍ ഇസ്ലാമോഫോബിയക്ക്‌ വിത്തിട്ട മാലേഗാവ്, സംജോദ, മക്കാ മസ്ജിദ് സ്ഫോടനങ്ങളും പില്‍ക്കാലത്ത്‌ ഹിന്ദുക്കളുടെ പേരില്‍ വന്നു എന്നതും ഓര്‍ക്കുക).. ഇറാക്കില്‍ കൂട്ടകൊല നടത്തിയ ബുഷ്‌, അതിനു കാരണം തനിക്കു ദൈവീക വെളിപാട് ഉണ്ടായതാണെന്ന് പറഞ്ഞിട്ടും, ലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ 'താന്‍ ഒരു കത്തോലിക്കന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നു' എന്ന് തുറന്നു പറഞ്ഞിട്ടും, കുരിശുയുദ്ധങ്ങളുടെ പരമ്പര തന്നെ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇവിടെ ഒരു ക്രിസ്ത്യാനിയോഫോബിയ ഉണ്ടായില്ല. അതും പോട്ടെ, ആഗോള തലത്തില്‍ സ്റ്റാലിനും ലെനിനും, കൊച്ചു കേരളത്തില്‍ നമ്മുടെ പിണറായിയുടെ പാര്‍ട്ടിയും കൊലപാതകപരമ്പരകള്‍ നടത്തിയിട്ട് പോലും ഇവിടെ ഒരു കമ്മ്യൂണിസ്ടോഫോബിയ എന്ത് കൊണ്ട് ഉണ്ടായില്ല. ട്രേഡ് സെന്റര്‍ തകര്‍ത്തു എന്ന് പറയപ്പെടുന്ന ബിന്‍ലാദന്‍ (അതിനു പിന്നില്‍ അദ്ദേഹം അല്ല എന്നും പറയപ്പെടുന്നു) നമുക്ക് തീവ്രവാദിയാണ്. എന്നാല്‍ 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ നിരപരാധികളെ കൊന്ന ഛെഗുവേര നമുക്ക് ധീരയോദ്ധാവും ആകുന്നതിന്റെ വിരോധാഭാസം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? അപ്പോള്‍ പിന്നെ എന്ത് കൊണ്ട് ഇസ്ലാമോഫോബിയ മാത്രം?? 


       കാരണം മറ്റൊന്നുമല്ല. ജനാധിപത്യം എന്നൊക്കെ പേരില്‍ ഉണ്ടെങ്കിലും ഇന്ന് ലോകം ഭരിക്കുന്നത്‌ സാമ്രാജ്യത്വം തന്നെ ആണ്, അക്രമികള്‍ ആണ്, അധിനിവേശശക്തികള്‍ ആണ്.. മാധ്യമങ്ങളും പുത്തന്‍ സാങ്കേതിക വിദ്യകളും നിര്‍ഭാഗ്യവശാല്‍ ഇന്ന് അവരുടെ കൈകളില്‍ ആണ്.. അവരുടെ വിഭവങ്ങള്‍ ഉപയോഗിച്ച് അവര്‍ പടച്ചു വിട്ട ഒരു ‘സാധനം’ മാത്രമാണ് ഇസ്ലാമോഫോബിയ.. പക്ഷെ എന്തിനു? എന്തിനു അവര്‍ ഇസ്ലാമിനെതിരെ മാത്രം തിരിയണം?? ഉത്തരം ലളിതം ആണ്. ലോകം അടക്കി ഭരിക്കുന്ന അക്രമികളായ ആ സാമ്രാജ്യത്വശക്തികള്‍ക്കു ഇസ്ലാമിനെ ഭയമാണ്!! കാരണം, യഥാര്‍ത്ഥ ഇസ്ലാം എന്നും സാമ്രാജ്യത്വത്തിനും എകാധിപത്യതിനും ഭീഷണിയായിരുന്നു. ഇസ്ലാം എന്ന ഈ വിപ്ലവം ആണ് നംറൂദിന്റെ ഏകാധിപത്യത്തിന്റെ വിഗ്രഹചിന്ഹങ്ങളെ തകര്‍ത്തെറിഞ്ഞിരുന്നത്. ഇസ്ലാമിന്റെ മുദ്രാവാക്യങ്ങളാണ് ഫറോവമാരുടെ കോട്ടകള്‍ക്കുള്ളില്‍ ഗര്ജ്ജനമായി ഉയര്‍ന്നിരുന്നത്.. ഇസ്ലാം എന്ന ഈ ആദര്‍ശം ആണ് റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞു കൊണ്ട് മുന്നേറിയത്. ഈ പ്രത്യയശാസ്ത്രം ആണ് എകാധിപതികളില്‍ നിന്നും അധികാരത്തിന്റെ ചെങ്കോല്‍ ഇടയനായ ഉമറിനെയും അലിയെയും പോലെയുള്ള സാധാരണക്കാരന്റെ കൈകളിലേക്ക് വച്ച് കൊടുത്തത്.. ഈ വിപ്ലവം ആണ് അല്ലാഹുവിന്റെ ശ്രേഷ്ട്ടഭവനത്തിനു മുകളില്‍, ഉന്നതകുലജാതര്‍ അറപ്പോടെ കണ്ടിരുന്ന ബിലാലെന്ന നീഗ്രോ അടിമയെ കയറ്റി നിര്‍ത്തിക്കൊണ്ട് ലോകത്തിന്റെ കുലീനനാട്യങ്ങളെ വെല്ലുവിളിച്ചത്.. ഈ ആദര്‍ശം ആണ് ഗ്രാമീണനായ സുറാക്കയുടെ കൈത്തണ്ടയില്‍, ലോകം അടക്കി വാണ കിസ്റയുടെ വെള്ളിവളകള്‍ അണിയിച്ചത്.. ഈ വിപ്ലവം ആണ് സുഖലോലുപതയില്‍ മുങ്ങി കുളിച്ചിരുന്ന രാജാധിപത്യങ്ങള്‍ക്കെതിരെ ഉമറബ്നുല്‍ അബ്ദുല്‍ അസീസുമാരെയും സലാഹുദ്ധീന്‍ അയ്യൂബിമാരെയും സൃഷ്ട്ടിച്ചത്... അതെ, തിന്മയുടെ ശക്തികള്‍ക്കു ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന വിമോചനപ്രത്യയശാസ്ത്രത്തെ എന്നും ഭീഷണിയായിരുന്നു. 

         പക്ഷെ, ഇന്ന് ചുറ്റും നോക്കുമ്പോള്‍, ഇസ്ലാമിന്റെ അവസ്ഥ എന്താണ്?. ഇസ്ലാമിന്റെ മേലങ്കിയണിഞ്ഞു കൊണ്ട് പൌരോഹിത്യം ഇസ്ലാമിന്റെ പിന്‍വാതിലിലൂടെ കടന്നു വന്നപ്പോള്‍ ഇസ്ലാം വെറും ഒരു മതം ആയി ചുരുങ്ങാന്‍ തുടങ്ങുകയായിരുന്നു.... കഴിഞ്ഞ കുറെ നൂറ്റാണ്ടുകള്‍ക്കിടയില്‍, മുസോളിനിയെ വിറപ്പിച്ച ഒമര്‍ മുക്താറിനെയും, ബ്രിട്ടീഷ്കാര്‍ക്ക് അങ്ങോട്ട്‌ സന്ധിനിയമങ്ങള്‍ പറഞ്ഞു കൊടുത്ത ടിപ്പു സുല്ത്താനെയും, ബ്രിട്ടിഷ്കാര്‍ക്കെതിരെ സമാന്തര ഭരണകൂടം സ്ഥാപിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ്ഹാജിയും പോലെയുള്ള ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍, ഇസ്ലാമിന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ സാമ്രാജ്യത്വത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ല എന്നത് ഖേദകരമായ വസ്തുത ആണ്.. ചില കൊട്ടാരം പണ്ഡിതന്മാരുടെ പൌരോഹിത്യം അത്രത്തോളം ഇസ്ലാമിനെ നശിപ്പിച്ചു എന്ന് തന്നെ പറയാം. വിജയത്തിന്റെ മാനദണ്ടമായി സ്ത്രീ സുരക്ഷിതത്വത്തെയും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയെയും സാമ്പത്തികസുസ്ഥിരതയെയും എണ്ണിയ ലോകത്തിലെ ഒരേയൊരു ആദര്‍ശം ആണ് ഇസ്ലാം. ആ ഇസ്ലാമിനെയാണ് ഹറാമിനും ഹലാലിനും ഇടയിലുള്ള ഒരു നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു ബോറന്‍ മതമാക്കി പുരോഹിതര്‍ മാറ്റി കളഞ്ഞത്. "പിന്നിയ പാദരക്ഷകളും കീറിതുന്നിയ വസ്ത്രങ്ങളും ധരിച്ച നാട്യങ്ങളില്ലാത്ത ഒരു മനുഷ്യന്‍.,. പക്ഷെ, ഓരോ യവനചക്രവര്ത്തിമാരോടും പേര്‍ഷ്യന്‍ രാജാക്കന്മാരോടും അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു’ എന്ന് തോമസ്‌ കാര്‍ലൈല്‍ വിശേഷിപ്പിച്ച ആ വിപ്ലവകാരിയായ പ്രവാചകനെ, ചപ്പുചവറുകള്‍ തലയില്‍ വീണാലും പ്രതികരിക്കാത്ത ഒരു പാവത്താനാക്കി ചിത്രീകരിച്ചു കൊണ്ട് പുരോഹിതന്മാര്‍ ഇസ്ലാമിന്റെ അനുയായികളുടെ വിപ്ലവവീര്യം ചോര്‍ത്തിക്കളയുകയായിരുന്നു. "അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നു പറയലാണ് ഏറ്റവും വലിയ ജിഹാദ്" എന്ന് പ്രവാചകന്‍ പഠിപ്പിച്ചപ്പോള്‍, അതിനു വിരുദ്ധമായി ‘സ്വന്തം ആത്മാവിനോടുള്ള ജിഹാദ് ആണ് ഏറ്റവും വലിയ ജിഹാദ്’ എന്ന് പഠിപ്പിച്ചു കൊണ്ട് പുരോഹിതര്‍ ഇസ്ലാമിനെ ഒരു ആത്മീയമതം ആക്കി മാറ്റി. അജ്ഞരും പ്രാകൃതരും ആയ അറബികളെ, ശാസ്ത്രത്തിന്റെയും നാഗരികതയുടെയും സാഹിത്യത്തിന്റെയും പിതാക്കള്‍ ആക്കിമാറ്റിയ യഥാര്‍ത്ഥ ഇസ്ലാമിന്റെ ഇന്നത്തെ അനുയായികള്‍ പക്ഷെ ലോകം സാങ്കേതിക വിദ്യകളില്‍ പുരോഗതി പ്രാപിക്കുമ്പോള്‍, പള്ളിയില്‍ ഇഹ്തികാഫ്‌ ഇരുന്നു കാലം കഴിച്ചും, വില കുറഞ്ഞ സംഘടന തര്‍ക്കങ്ങളില്‍ മുഴുകിയും ഇരിക്കുകയാണ്.. പ്രവാചകന്റെ ജന്മനഗരിയായ അറേബിയ പോലും ഇന്ന് സാമ്രാജ്യത്വത്തിന്റെ കയ്യിലെ കളിപ്പാവയും രാജഭരണത്തിന്റെയും ധൂര്‍ത്തിന്റെയും നേര്‍ക്കാഴ്ചയും ആകുന്നു. പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം, സമാധാനത്തിന്റെയും ക്ഷമയുടെയും താരാട്ട് പാട്ട് പാടി ഇസ്ലാമിന്റെ അനുയായികളെ ഉറക്കുന്നവര്‍ക്ക്, സമൂഹം 'സമുദായരക്ഷകരെ'ന്ന സ്ഥാനപ്പേര്‍ ചാര്‍ത്തിയപ്പോള്‍, ഇസ്ലാം എല്ലാ അര്‍ത്ഥത്തിലും കേവലം ഒരു മതം മാത്രം ആയി ചുരുങ്ങുകയായിരുന്നു എന്നത് വേദനിപ്പിക്കുന്നതെങ്കിലും ഒരു യാഥാര്‍ത്ഥ്യം ആണ് . അധികാരത്തിന്റെ ചെങ്കോല്‍ ഇന്ന് ഇസ്ലാമിന് അന്യമായിരിക്കുന്നു. ഇന്ന് അക്രമികള്‍ ലോകം ഭരിക്കുന്നു... ഒരര്‍ത്ഥത്തില്‍ ഇത് പ്രവാചകന്റെ പ്രവചനം തന്നെയാണ്. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി “അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാച്ചകത്വം തുടരും, അത് കഴിഞ്ഞാല്‍ എന്റെ പ്രവാചകത്വത്തെ പിന്‍പറ്റുന്ന നീതിപൂര്‍ണ്ണമായ ഖിലാഫത്ത് ഇവിടെ വരും, അത് അഴിഞ്ഞാല്‍ ലോകത്ത് രാജഭരണം വരും, അത് കഴിഞ്ഞാല്‍ അക്രമികള്‍ ലോകം ഭരിക്കുന്ന കാലം വരും, അത് കഴിഞ്ഞാല്‍.., എന്റെ പ്രവാചകത്വത്തെ പിന്‍പറ്റിയ ആ ഖിലാഫത്ത്, അത് വീണ്ടും വരും !!” 

    പ്രവാചകന്‍ പറഞ്ഞതെല്ലാം അത് പോലെ സംഭവിച്ചു.. ലോകം അതിനു സാക്ഷിയാണ്. ഇന്ന് അക്രമികള്‍ ലോകം ഭരിക്കുന്നു. അവരുടെ കയ്യില്‍ ആണ് ഇന്ന് എല്ലാ ശക്തിയും. മുസ്ലിംകള്‍ എന്നവകാശപ്പെടുന്നവരില്‍ ഭൂരിഭാഗം പേര്‍ക്ക് അറിയില്ലെങ്കിലും അവര്‍ക്കറിയാം ഇസ്ലാമിന്റെ വിപ്ലവവീര്യം എന്താണെന്ന്.. ഇസ്ലാം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഒരിക്കലും തിരിച്ചു വരരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവര്‍ തങ്ങളുടെ വരുതിയിലുള്ള എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് ഇസ്ലാമിനെ ഒരു കാടന്‍ മതം ആയി ചിത്രീകരിക്കാന്‍ ആരംഭിച്ചു. അങ്ങനെ നോര്‍വെയില്‍ ബ്രെവിക് കൂട്ടക്കൊല നടത്തിയാലും ആദ്യ ദിവസം മുസ്ലിം തീവ്രവാദത്തിന്റെ പേരില്‍ വാത്തകള്‍ വിടുന്നത് പോലെ അവര്‍ വ്യാജവാര്‍ത്തകള്‍ നിരന്തരം വിട്ടു കൊണ്ട് ഇസ്ലാമിനെ വെറുക്കപ്പെട്ടതാക്കി.. ഫലമോ? അങ്ങ് അറേബ്യയില്‍ ഒരു അറബി വേലക്കാരിയെ തല്ലിയാലും, ഗള്‍ഫില്‍ വച്ച് വല്ല 'പച്ച'കളും പൈസ പറ്റിച്ചു മുങ്ങിയാലും, ഇങ്ങു കേരളത്തില്‍ ഒരു 'കാക്ക' അന്യമതക്കാരിയെ പ്രേമിചാലും അതൊക്കെ ഇസ്ലാമിന്റെ തലയിലായി തുടങ്ങി.. വിദ്യാര്തിനിയെ ബലാല്‍സംഘം ചെയ്യുന്ന അദ്ധ്യാപകന്‍ മുസ്ലിം ആണെങ്കില്‍ 'മുസ്ലിം അധാപകന്‍ ബലാല്‍സംഘം ചെയ്തു' എന്ന് വാര്‍ത്ത വരുന്നത് സ്ഥിരം കാഴ്ചയായി.. വിമാനത്തില്‍ ബോംബ്‌ വച്ചത് മുസ്ലിം നാമധാരി ആണെങ്കില്‍ അവനെ 'തീവ്രവാദി' ആക്കിയും, അമുസ്ലിം ആണെങ്കില്‍ അവനെ 'മാനസികരോഗി' ആക്കിയും മാധ്യമങ്ങള്‍ ചിത്രീകരിച്ചു. സാമ്രാജ്യത ശക്തികള്‍ ഇസ്ലാമിക ലോകത്തെ ആക്രമിച്ചു ഇസ്ലാമിനെ എന്നെന്നേക്കും ആയി നശിപ്പിക്കാനും, മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കാനും ആയി കണ്ടെത്തിയ മാര്‍ഗ്ഗം ആയിരുന്നു അവരുടെ മാധ്യമങ്ങള്‍ സൃഷ്ട്ടിച്ച ഇസ്ലാമോഫോബിയ എന്ന് നിസ്സംശയം പറയാം. നിസ്കാരവും നോമ്പും 33 വീതം ദിക്റുകളും ചൊല്ലി പിരിഞ്ഞു പോകുന്ന, ഇസ്ലാം ഇത്രയേയുള്ളൂ എന്ന് വിശ്വസിക്കുന്ന കൊട്ടാരം പണ്ഡിതന്മാരുടെ കീഴിലുള്ള മുസ്ലിം ലോകം അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു.. തിന്മയുടെ ശക്തികള്‍, ഇസ്ലാം ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നുണ്ടാവാം, ആശിക്കുന്നുണ്ടാവാം. 

പക്ഷെ, പട്ടി കിഴക്കോട്ടു നോക്കി കുരച്ചാല്‍ സൂര്യന്‍ ഉദിക്കാതിരിക്കില്ല !! പറഞ്ഞത് പ്രവാചകന്‍ ആണെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും. എകാധിപത്യങ്ങളെ തകര്‍ത്തെറിയുന്ന മുല്ലപ്പൂവിപ്ലവങ്ങളെയും സാമ്രാജ്യത്വത്തെ ഭീഷണിപ്പെടുത്തുന്ന ചെറു സൈന്യങ്ങളെയും ഇസ്ലാം വീണ്ടും സൃഷ്ട്ടിച്ചു തുടങ്ങിയിരിക്കുന്നു.. വരാന്‍ പോകുന്നത് ഒരു സുവര്‍ണ്ണ കാലഘട്ടം ആണ്. “പ്രവാചകത്വത്തെ പിന്‍പറ്റിയ ആ ഖിലാഫത്ത് അത് വീണ്ടും വരും”., ആ നീതിപൂര്‍ണ്ണമായ ഭരണം, ഗാന്ധിജിയും നെപ്പോളിയനും വൈക്കം മുഹമ്മദ്‌ ബഷീറും എല്ലാം കൊതിച്ച ആ ഉമറിന്റെ ഭരണമില്ലേ, അത് വരിക തന്നെ ചെയ്യും... അന്ന്, ജനങ്ങളെ അടിച്ചമര്‍ത്തുന്ന, ലോകം തങ്ങളുടെ വരുതിയില്‍ ആണെന്ന് അഹന്ത നടിക്കുന്ന അക്രമികളായ അധിനിവേശ ശക്തികളുടെ അധികാരത്തിന്റെ വളകള്‍ അണിയാന്‍ സുറാക്കമാര്‍ ഇവിടെ വീണ്ടും ജനിക്കും 

“ദൈവത്തിന്റെ പ്രകാശത്തെയാണ് അവര്‍ വായ കൊണ്ട് ഊതികെടുതാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദൈവം തന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും, സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും!” – (ഖുര്‍ആന്‍ 9:32)


പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

2 അഭിപ്രായങ്ങൾ:

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...