Search the blog

Custom Search

മഅദനി ദുരന്ത നാടകം: കഥ ഇതുവരെ ...





മഅദനിയുടെ ആരോഗ്യ നില കണ്ടിട്ട് ഈ നാടകം അതിന്‍റെ ദുഖ: പൂര്‍ണമായ ക്ലിമാക്സ്ലേക്ക് നീങ്ങുന്നതായി ആണ് തോന്നുന്നത്. ബംഗ്ലൂരില്‍ നിന്ന് കനത്ത പോലീസ് ബന്തവസ്സോടെ ഒരു ആംബുലന്‍സിന്‍റെ ഹോണ്‍ ഏത് നിമിഷവും നമുക്ക് പ്രതീക്ഷിക്കാം. ഇടതും വലതും രാഷ്ട്രീയ തമ്പുരാക്കന്മാര്‍ മഅദനി ഇന്ത്യന്‍ ജനാധിപത്യത്തിനു ചെയ്ത മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്ന , വിതുമ്പല്‍ അടക്കാന്‍ പാട് പെടുന്ന ചാനല്‍ ചര്‍ച്ചകള്‍ ആയിരിക്കാം ഈ മെഗാ സീരിയലിലെ അവസാന എപ്പിസോഡ് . 

ആളും ആരവവും ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതി തളര്‍ന്ന പിതാവും മകനെയോര്‍ത്ത് എന്നും കണ്ണീരു മാത്രം ഒഴുക്കാന്‍ വിധിക്കപെട്ട ഉമ്മയും യുവത്വം മുഴുവന്‍ വിധവയെ പോലെ ജീവിക്കേണ്ടി വന്ന ഭാര്യയും പോലീസ് വാനിന്റെയും ബൂട്ട്സിന്റെയും മുഴക്കം കേട്ട് ഞെട്ടി തരിച്ചു ബാല്യം കഴിച്ച മക്കളും ഒരു പക്ഷെ അല്പം ആശ്വസിക്കുമായിരിക്കും. കണ്ണും കരളും ഇല്ലാത്ത ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്ന് അവരുടെ വാപ്പിച്ചി നിത്യശാന്തിയുടെ സ്വര്‍ഗ്ഗ തീരം അണഞ്ഞല്ലോ എന്ന് ഓര്‍ത്ത് .... 

മഅദനിയോടു ചെയ്യുന്ന ഈ അപരിഷ്കൃത നീതി നിഷേധത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭൂതകാലം ചികയുന്നവര്‍ക്ക് വേണ്ടി അല്പം മഅദനി ചരിതം.

ബാബരി മസ്ജിദ് തകര്‍ച്ചയോട് അനുബന്ധിച്ച് ആര്‍ എസ് എസ് നിരോധിച്ചപ്പോള്‍ മഅദനിയുടെ ഐ എസ് എസും ജമാഅത്തെ ഇസ്ലാമിയും കൂടെ നിരോധിച്ചു അധികാരികള്‍ "തുല്യ നീതി " തെളിയിച്ചു. നിരോധന വാര്‍ത്ത‍ കേട്ട ഉടനെ മഅദനി ഐ എസ് എസ് പിരിച്ചു വിട്ടു. പലരും പറയുന്ന പോലെ പ്രകാരം ബാബരി തകര്‍ച്ചക്ക് ശേഷം അല്ല മഅദനിയുടെ രംഗപ്രവേശം. ബാബരി തകര്‍ച്ചക്ക് ഒപ്പം തന്നെയായിരുന്നു ഐ എസ് എസിന്‍റെ പതനവും. അതിനും മുമ്പ് 1992 Aug 2നു ആണ് അദ്ദേഹത്തിനു നേരെ ആര്‍ എസ് എസുകാര്‍ തുരുതുരാ ബോംബെറിഞ്ഞു അദ്ദേഹത്തിന്‍റെ കാലും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു അംഗ രക്ഷകന്റെ കൈവിരലും അദ്ദേഹത്തിന്‍റെ ആസ്ഥാനം ആയ അന്‍വര്‍ശെരി യതീംഖനയുടെ മുമ്പിലെ പൊതു നിരത്തില്‍ വെച്ച് നഷ്ടപെടുത്തിയത്. "കൊടും ഭീകരന്‍ അയ മഅദനിയോ " അദ്ദേഹത്തിന്‍റെ "ഭീകര ഐ എസ് എസോ " തിരിച്ചു ഒരു ആര്‍ എസ് എസ് കൊടിമരം പോലും നശിപ്പിച്ചില്ല. ബോംബ്‌ എറിഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു മഅദനി കേസില്‍ നിന്ന് പോലും പിന്മാറി. ബാബരി തകര്‍ച്ചക്ക് നാലു മാസം മുമ്പ് ആണ് ഈ സംഭവം. 

ബാബരി മസ്ജിദ് തകര്‍ന്നു സംഘടനക്ക് നിരോധനം വന്നു അന്വര്ശ്ശേരി റൈഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംഘടന പിരിച്ചു വിട്ടു അദ്ദേഹം ഒളിവില്‍ പോയി. മാസങ്ഗ്ള്‍ക്ക് ശേഷം പോലീസ് സ്റെഷനില്‍ നേരിട്ട് ക്രച്ചസില്‍ ഉന്തിയെത്തി അദ്ദേഹം അറസ്റ്റ് വരിച്ചു . ഏതാനും മാസങ്ങള്‍ പൂജപ്പുര സെന്‍റര്‍ ജയിലില്‍ . 

ജയില്‍ മോചിതന്‍ ആയ മഅദാനി ദളിത് വോയ്സ് എഡിറ്റര്‍ വി.ടി രാജശേഖരന്‍ ഉള്‍പടെയുള്ള ദളിത് നേതാക്കളുടെ ആശിര്‍വാദത്തോടെയും എസ് എന്‍ ഡി പി നേതാവ് സുവര്‍ണ കുമാറും വര്‍ക്കല ശിവഗിരി ആശ്രമത്തിലെ ചില സ്വാമിമാരും ഒക്കെ ചേര്‍ന്ന് ഒരു പിന്നോക്ക ദളിത്- മുസ്ലിം രാഷ്ട്രീയം , പി.ഡി.പി. ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വളര്‍ച്ച. കൊണ്ഗ്രീസ് സ്ഥിരമായി ജയിച്ച ഒറ്റപ്പാലം മണ്ഡലത്തില്‍ മഅദനിയുടെ കാടിളക്കിയ പ്രചരണം ഇടതുപക്ഷത്തിനു ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷമ നേടി കൊടുത്തപ്പോള്‍ സി പി എമ്മിന്‍റെ പോലും കണ്ണ് തള്ളി . ഇഎംഎസ് മഅദനിയെയും അദ്ദേഹത്തിന്‍റെ മതബോധത്തെയും ഗാന്ധി തുല്യര്‍ ആയി വിശേഷിപ്പിച്ചു. 

യു.ഡി എഫ് ഷുവര്‍ സീറ്റ് ഗുരുവായൂരില്‍ ഗ്ലാമര്‍ നേതാവ് സമാദാനിയെ തോല്‍പ്പിക്കുകയും ഇരു മുന്നണികളോട് ഒറ്റക്ക് മത്സരിച്ചു സ്വന്തം സ്ഥാനാര്‍ഥിക്ക് പതിനയ്യയിരം വോട്ടും അദ്ദേഹം നേടി. ലീഗിന്‍റെ കുത്തക മണ്ഡലം തിരൂരങ്ങാടിയില്‍ മുഖ്യ മന്ത്രി എ കെ ആന്റണി മത്സരിച്ചിട്ടും സ്വന്തം സ്ഥാനാര്‍ഥിയെ ഒറ്റക്ക് നിറുത്തി പതിനാറായിരം വോട്ടു. ലീഗിന്‍റെ മുസ്ലിം വോട്ടു ബാങ്കില്‍ ആണ് മഅദനി കനത്ത ആഘാതം ഏല്‍പ്പിച്ചത് എന്നതിനാല്‍ പിഡിപിയും മുസ്ലിം ലീഗും മുഖ്യ ശത്രുക്കള്‍ ആയതു സ്വാഭാവികം. ഇടതു പക്ഷത്തിനു വേണ്ടിയുള്ള വിടുപണി അവസാനിപ്പിച്ച്‌ പിഡിപി സ്വന്തം രാഷ്ട്രീയ ഭൂമികയില്‍ വിത്ത് എറിയാന്‍ തുടങ്ങിയതോടെ സിപിഎമ്മും മഅദനിയിലെ കൊടും ഭീകരനെ കുറച്ചു പേക്കിനാവു കാണാന്‍ തുടങ്ങി. ഗൌരിയമ്മയെ ചേര്‍ത്ത് പിടിച്ച മഅദനി എസ് എന്‍ ഡി പിയും ജമാഅത്തെ ഇസ്ലാമിയും ഒക്കെ ചര്‍ച്ച നടത്തി കേരളത്തില്‍ പുതിയ രാഷ്ട്രീയ ഇടം കണ്ടെത്താന്‍ കൂടി ശ്രമിച്ചപ്പോള്‍ മഅദനിയിലെ കൊടും ഭീകരനെ പിടിച്ചു കെട്ടാന്‍ ഇടവും വലവും ഒന്നായി. 

ശിവഗിരി ആശ്രമത്തിലെ പോലീസ് റൈഡ് മഅദനിയും അനുയായികളെയും കൂട്ട് പിടിച്ചു ശാശ്വതീകാനന്ത സ്വാമികളുടെ നേത്രുതത്തില്‍ ഒരു വിഭഗം ശ്രീനാരായനീയര്‍ ചെരുത്തപ്പോള്‍ ബി ജെ പിയും ഞെട്ടി വിറച്ചു. (ശാശ്വതീകാനന്ദ സ്വാമികള്‍ പിന്നീട് ദുരൂഹമായി മുങ്ങി മരിച്ചു ). ഈഴവരും മുസ്ലിംകളും ദളിതരും ചേര്‍ന്ന ഈ രാഷ്ട്രീയ മുന്നേറ്റം പ്രത്യേയ ശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത് ബി.ജെ.പിക്കാണ് എന്ന ബോധ്യം അവരുടെ ഉറക്കം കെടുത്തി. ഐ എസ് എസ് കാലത്തെ പഴയ വൈരത്തിനു പ്രതികാര ദാഹിയായി കാത്തിരുന്ന ബി ജെ പിയുടെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി കേരളത്തില്‍ ഇടതും വലതും ഒന്നിച്ചു മഅദനിയെ കൊടും ഭീകരന്‍ ആക്കി കോയമ്പത്തൂര്‍ കേസില്‍ പെടുത്തി അകത്താക്കാന്‍ ഇതായിരുന്നു പാശ്ചാതലം . നിത്യ രോഗിയായ മഅദനി ഒന്‍പതു വര്‍ഷത്തെ ദുരിത പര്‍വ്വം കോയമ്പത്തൂര്‍ ജയിലില്‍ .

ഇതാണ് മഅദാനിയുടെ ഭൂതകാല രാഷ്ട്രീയ സംഗ്രഹം. ഏതെങ്കിലും കൊലപാതകമോ വര്‍ഗീയ കലാപമോ അദ്ദേഹത്തിന്‍റെ പാര്‍ടിയുടെ പേരിനൊപ്പം ആരും ചേര്‍ത്തി പറഞ്ഞ്‌ കേട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍ നിരന്തരം കേസ് എടുക്കപെട്ടുവെങ്കിലും ഒന്നിനും മതിയായ തെളിവില്ല എന്ന് കണ്ടു കോടതികള്‍ അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി. അദ്ദേഹത്തിന്‍റെ പഴയ കാല പ്രസംഗ ക്ലിപ്പുകള്‍ ഇപ്പോഴും യുട്യൂബില്‍ ലഭ്യം. പലരും ഇപ്പോഴും വേവലാതിപെടുന്ന അദ്ദേഹത്തിന്‍റെ പരമ മത വിദ്വേഷ പ്രസംഗം ഒന്നും അതില്‍ ഇല്ല. ആര്‍ എസ് എസിന്‍റെ അക്രമത്തെ പ്രതിരോധിക്കുന്നതിനെ കുറിച്ച് പറയുന്ന ഐ എസ് എസ് കാല പ്രസംഗത്തില്‍ പോലും നമ്മുടെ ജയരാജന്‍ മണി ടീമിനോളം തീപ്പൊരിയുണ്ടെന്നു തോന്നുന്നില്ല . 

ബാക്കി നാടകങ്ങള്‍ ഒക്കെ സമീപ കാല സംഭവങ്ങള്‍ . കോയമ്പത്തൂര്‍ കേസില്‍ നീണ്ട ഒന്‍പതു വര്‍ഷത്തെ തടവ്‌ ജീവിതത്തില്‍ നിന്ന് മഅദനിയുള്‍പടേ ഒന്‍പതു മലയാളികള്‍ക്ക് മോചനം ലഭിച്ചത്‌ പോപ്പുലര്‍ ഫ്രണ്ട് നേതൃതം കൊടുത്ത് മുന്നോട്ട് പോയിരുന്ന "മഅദനി നിയമ സഹായ സമിതി" നടത്തിയ വിചാരണ കേസ് കോടതിയില്‍ വിജയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് , പലരും ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ എന്തെങ്കിലും രാഷ്ട്രീയ ഇടപെടലിന്‍റെ പേരില്‍ അല്ല. മോചിതന്‍ ആയ മഅദനിയെ ആഘോഷമായി ആനയിച്ചത് പഴയ വേട്ടക്കാര്‍ തന്നെയായിരുന്നു. മഅദനീയെ അന്ന് അറസ്റ്റു ചെയ്തു തമിഴ്നാടിനു കൈമാറിയത്‌ തങ്ങളുടെ ഒരു മികച്ച ഭരണ നേട്ടം ആയി എണ്ണിയ എല്‍ .ഡി. എഫ് സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാര്‍ ശംഖുമുഖത്ത്‌ സ്വീകരണത്തിനു എത്തിയപ്പോള്‍ മുതല്‍ കടിഞ്ഞാല്‍ വീണ്ടും കപട നാടകക്കാരുടെ കയ്യിലേക്ക്‌ മാറി. 

പിന്നീട് അവിടെ നിന്ന് അങ്ങോട്ട്‌ സി.പി.എം സര്‍ക്കാര്‍ ഒരു തരം തേന്‍ പുരട്ടിയ ബ്ലാക്ക്‌ മെയില്‍ തന്ത്രവും ആയി ആയിരുന്നു മഅദനിയെ സമീപിച്ചത്‌ . തികച്ചും കൃതിമമായി പടച്ചുണ്ടാക്കിയ ഒരു കേസിലൂടെ ഒന്‍പത് വര്ഷം തടവില്‍ ആക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥിതി ഉള്ള നാട്ടിലെ നീതി ന്യായ വ്യവസ്ഥയില്‍ മഅദനി വിശ്വാസം ആണയിടുന്നത് തന്നെ അദ്ദേഹത്തിന്‍റെ ദൈന്യത വ്യക്തമാക്കുന്നുണ്ടല്ലോ. അദ്ദേഹത്തിന്‍റെ പഴയ സഹപ്രവര്‍ത്തകാരില്‍ തടിയന്‍റെ വിട നസീര്‍ അടക്കം ഉള്ള ചിലരെ ഇതിനകം അന്വേഷണ എജെന്സികളുടെ സ്വന്തം ഭീകരന്മാര്‍ ആയി വളര്‍ത്തി എടുത്തിട്ടുണ്ടായിരുന്നു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കി വിട്ടു കാലി ബസ്‌ കത്തിക്കുകയും (ചെന്നൈ ഹൈക്കോടതി മഅദനിയുടെ ജാമ്യപെക്ഷ പരിഗണിക്കാന്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ഈ നാടകം) കോഴിക്കോട്‌ ബസ്‌സ്റ്റാന്‍ഡില്‍ ആളില്ലാത്ത മൂല നോക്കി ഒന്ന് രണ്ടു ഗുണ്ടുകള്‍ ഒക്കെ പൊട്ടിച്ചു മഹാ ഭീകര കൃത്യം ചെയ്ത് ഇനി ആരെ വേണമെങ്കിലും കോര്‍ത്തിണക്കി നല്ല ഒരു പ്രതിപട്ടിക തയ്യാറാക്കാനുള്ള വകയൊക്കെ ഇവര്‍ ഏമാന്‍മാര്‍ക്ക്‌ വേണ്ടി ചെയ്തു കൊടുത്തിരുന്നു. സ്വന്തം ഭാര്യക്ക് നേരെ ഗൂഢാലോചനയുടെ വല മുറുകുന്നത് മഅദനി നിസ്സഹായനായി നോക്കി നിന്നു. സി.പി.എം നിശ്ചയിച്ചു കൊടുത്ത പ്രോഗ്രാം ഷെഡ്യൂള്‍ അനുസരിച്ചായി പിന്നീട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം. ജയില്‍ വാസവും നിരന്തര പീഡനവും തകര്‍ത്തെറിഞ്ഞ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയില്‍ അല്‍പ കാലം കുടുമ്പത്തോടൊപ്പം കഴിയണം എന്ന് ആഗ്രഹിച്ചത് അതിമോഹം എന്ന് പറയാന്‍ ആവില്ലല്ലോ.

അവസാനം അണിയറയില്‍ ഉദ്യോഗരംഗത്തെ ഹിന്ദുത്വ ശക്തികള്‍ കര്‍ണാടക കേന്ദ്രീകരിച്ചു പഴയ വൈരത്തിന്‍റെ കണക്ക്‌ തീര്‍ക്കാന്‍ വീണ്ടും വലക്കണ്ണി മുറുക്കി തുടങ്ങി. കോടതിയോ സി.പി.എം സര്‍ക്കാരോ സഹായത്തിനു എത്തുന്നത്തില്‍ ഒരു നേരിയ പ്രതീക്ഷ അപ്പോഴും മഅദനി വെച്ച് പുലര്‍ത്തി. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നീട് അദ്ദേഹത്തിനു വിശ്വാസം ഉള്ളത് നമ്മുടെ നീതിന്യായത്തില്‍ ആണ് എന്ന അദ്ദേഹം ടി.വി ചാനല്‍കള്‍ക്ക്‌ മുമ്പില്‍ പ്രഖ്യാപിച്ചത്‌ സത്യത്തില്‍ തന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇരുന്ന ജഡ്ജിമാരോടുള്ള യാചനയായിരുന്നു. അന്‍വര്‍ശ്ശേരി പത്ര സമ്മേളനം മഅദനിയുടെ കുതന്ത്രം ആണ് എന്നൊക്കെ പറഞ്ഞ കോടിയേരിയുടെ മതിയായ പ്രകോപനം ഉണ്ടായിട്ടും അവസാന പത്ര സമ്മേളനത്തില്‍ പോലും പത്രക്കാരുടെ തിരിച്ചും മറിച്ചും ഉള്ള ചോദ്യം അവഗണിച്ചു മഅദനി സി.പി.എമിനെ നോവിക്കാതിരിക്കാന്‍ പ്രതേകം ശ്രദ്ധിച്ചു. ഉച്ചക്ക്‌ മൂന്നു മണിക്ക പരിഗണിക്കാന്‍ ഇരുന്ന സുപ്രീം കോടതിയിലെ അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ അനുകൂല വിധിയാവും എന്ന ആശങ്കപെട്ട കാരണട്ക ബി.ജെ.പി സര്‍ക്കാര്‍ കോടിയേരിയുടെ അഭ്യന്തര മന്ത്രാലയവും ആയി ഗൂഢാലോചന നടത്തി 2:45നു തന്നെ അദ്ദേഹത്തെ അറസ്റ്റു ചെയ്തു നിയമവും അതിന്‍റെ നടത്തിപ്പുകരും അവരുടെ വഴിക്ക്‌ പോയി. ചട്ട പ്രകാരം അറസ്റ്റു ചെയ്‌താല്‍ തൊട്ടടുത്ത കരുനാഗപ്പള്ളി കോടതിയില്‍ ഹജരക്കേണ്ടിയിരുന്നു. അതിനു പോലും തയ്യാറാവാതെ അദ്ദേഹത്തെ വിമാനത്തില്‍ തള്ളികയറ്റി കോടിയേരിയും മറ്റു സഖാക്കളും താഴെ നിന്നു മഅദനിയെ കൈ വീശി യാത്രയാക്കി. 

ഡയബറ്റിക്ക് റെറ്റിനോപതി ബാധിച്ച അദ്ദേഹത്തിന്‍റെ കണ്ണിനു നല്‍കിയ ലേസര്‍ ചികല്‍സ അദ്ദേഹത്തിന്‍റെ കാഴ്ച ശക്തി ഏതാണ്ട് പൂരണമായി നശിപ്പിച്ചു. പലരുടെയും സിംഹാസനങ്ങളെ വിറപ്പിച്ച അദ്ദേഹത്തിന്റെ നാവും കുഴഞ്ഞു തുടങ്ങി. 

ചില ഘട്ടങ്ങളിലെ മൌനം പോലും കൊടും പാതകം ആയി നാളെ ദൈവിക കോടതിയില്‍ നാളെ വിചാരണ ചെയ്യപെട്ടെക്കാം . ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് വിളിച്ചു പറയാന്‍ ത്രാണിയില്ലാത്തവരുടെ കിരാതമായ മൌനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...