Search the blog

Custom Search

പോപ്പുലര്‍ ഫ്രണ്ട് നിരോധനം - ഗിരീഷ്‌ ബാബുവിന്റെ ഹരജി കോടതി തള്ളി


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കോടതി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും സംഘടനയെ നിരോധിക്കണമെന്നും മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിന്റെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹരജി നല്‍കിയത്. എന്നാല്‍ സംഘടനകളെ നിരോധിക്കല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അധ്യാപകനെ ആക്രമിച്ച കേസ് നിലവില്‍ എന്‍.ഐ.എ. അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന്റെ ഈ ആവശ്യത്തിനും പ്രസക്തിയില്ലെന്നു വ്യക്തമാക്കി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ഏതെങ്കിലും സംഘടനകളെ നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
മുസ്‌ലിം മതമൗലികവാദികള്‍ ഉള്‍പ്പെട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഡി.ജി.പി, പോപുലര്‍ ഫ്രണ്ട് മുന്‍ പ്രസിഡന്റ് വി പി നാസറുദ്ദീന്‍, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രറട്ടറി എം കെ മനോജ്കുമാര്‍, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി 2010 ജൂലൈയില്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...