Yesterday at 12:09am
ഇസ്രയേല്‍ നേതൃത്വത്തെ ഭീതിപ്പെടുത്താനും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കാനും മാത്രം വലിയ മഹാരാഷ്ട്രമായി ഗസ്സ മാറിയോ എന്ന് നമുക്കറയില്ല. കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എഫ്-16 ഇനത്തില്‍ പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നിരവധി ആക്രമണങ്ങള്‍ അവര്‍ നടത്തി. കരുതല്‍ സേനയില്‍ നിന്ന് നാല്‍പതിനായിരം പേരെ വിളിപ്പിക്കുകയും ചെയ്തു. മുന്‍ യുദ്ധങ്ങളിലെ അനുഭവങ്ങള്‍ ഇസ്രയേല്‍ നേതൃത്വത്തിന് നന്നായിട്ടറിയാം. അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല രാഷ്ട്രീയമായും സൈനികമായും അവര്‍ക്ക് ദോഷമാണത് ഉണ്ടാക്കിയത്. എന്നാല്‍ അതിലെല്ലാം ഗസ്സയിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതും വസ്തുതയാണ്.
ഈജിപ്തും ഇസ്രയേലും ഒന്നിച്ച് ഉപരോധം ഏര്‍പ്പെടുത്തി പട്ടിണിയില്‍ കഴിയുന്ന ഗസ്സയിലെ ഹമാസിനും മറ്റ് പോരാട്ട ഗ്രൂപ്പുകള്‍ക്കും ഈ ഏറ്റുമുട്ടലിലും അവരെ പരാജയപ്പെടുത്താനാവില്ല. ഉപരോധം ഇല്ലാതാക്കി കിട്ടുന്നതിന് പഠിച്ച പണി പതിനെട്ടും പയറ്റിയവരാണ് ഗസ്സക്കാര്‍. യാതൊരു ഉപാധികളുമില്ലാതെ ഭരണം അബ്ബാസിന് കൈമാറിയത് പോലും അതിനായിരുന്നു. എന്നാല്‍ അവര്‍ക്ക് മേലുള്ള ഉപരോധവും പട്ടിണിയും തുടരുകയാണ്. അവിടത്തെ നാല്‍പതിനായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് ഏഴ് മാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ല. വിശുദ്ധ റമദാനില്‍ പോലും അവരോട് ഒരിറ്റ് കാരുണ്യമോ അനുകമ്പയോ കാണിച്ചിട്ടില്ല.
എല്ലാ തരത്തിലുള്ള ദ്രോഹങ്ങളും അടിച്ചേല്‍പ്പിച്ച് ഗസ്സയെ അന്ധകാരത്തിലേക്ക് തള്ളിവിടുന്നത് അവരുടെ പ്രതിരോധത്തെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇസ്രയേല്‍ കയ്യേറ്റങ്ങളില്‍ നിന്ന് തങ്ങളുടെ അഭിമാനത്തിനും അന്തസിനും വേണ്ടിയുള്ള ന്യായമായ പ്രതിരോധമാണ് അവര്‍ നടത്തുന്നത്. ഹമസിന്റെയും ജിഹാദുല്‍ ഇസ്‌ലാമിയുടെയും മറ്റ് പോരാട്ട ഗ്രൂപ്പുകളുടെയും ആവനാഴിയില്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്കറിയില്ല. തെല്‍അവീവിലും ജറൂസലേമിലും എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ നിരവധി ഇസ്രയേല്‍ കുടിയേറ്റക്കാരെ അവിടം വിടാന്‍ പ്രേരിപ്പിക്കുമെന്നത് നേരത്തെയുള്ള രണ്ട് അനുഭവങ്ങളിലൂടെ വ്യക്തമായതാണ്. അയണ്‍ ഡോം ഒരുക്കുന്ന രക്ഷാകവചം അവര്‍ക്ക് മതിയാവില്ല. പോരാട്ട ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തൊടുത്ത നൂറോളം മിസൈലുകളില്‍ അറുപത് എണ്ണം മാത്രമാണ് അയണ്‍ ഡോമിന് തടയാനായത്. മറ്റുള്ളവ അസ്ഖലാനിലും ഉസ്ദൂദിലും എത്തുന്നതില്‍ വിജയിച്ചു എന്നാണ് മനസിലാക്കേണ്ടത്.
ചില മിസൈലുകളെ തടഞ്ഞു നിര്‍ത്താന്‍ അയണ്‍ ഡോമിന് സാധിക്കുന്നുണ്ട് എന്നത് മുന്നൊരുക്കങ്ങൡ നിന്ന് ഇസ്രയേലിനെ ഒരിക്കലും തടയുന്നില്ല. ഗസ്സയില്‍ നിന്ന് കുടിയേറ്റ കേന്ദ്രങ്ങളുടെ ഉള്ളറകളില്‍ എത്താന്‍ ശേഷിയുള്ള പോരാളികളുടെ മിസൈലുകള്‍ ഇസ്രയേല്‍ സൈനികര്‍ക്കിടയില്‍ പോലും സംസാരവിഷയമാവാറുണ്ട്. തെക്കന്‍ ലബനാനിലെ ഹിസ്ബുല്ലയില്‍ നിന്നാണ് ഹമാസ് ഈ സാങ്കേതിക പരിജ്ഞാനം നേടിയെടുത്തത്. ഗസ്സയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് ഗിലാഡ് ഷാലിതിനെ റാഞ്ചാന്‍ സാധിച്ചത് അതിന്റെ ആദ്യ നേട്ടമായിരുന്നു.
ഈജിപ്ത് ഭരണകൂടം നയതന്ത്രപരമായി ഇസ്രയേലിന്റെ സഖ്യം തന്നെ. ഈജിപ്ത് ഇന്റലിജന്‍സ് മേധാവി നടത്തിയ രഹസ്യ സന്ദര്‍ശനം അതാണ് ശക്തിപ്പെടുത്തുന്നത്. ഈജിപ്ത് സ്വീകാര്യനായ മധ്യസ്ഥനാകുന്നത് അസാധ്യമാണ്. അവരുടെ ഈ റോളിനെ സംശയത്തോടെയാണ് കാണേണ്ടത്. കാരണം അവരില്‍ വേരുറച്ചിരിക്കുന്ന ഹമാസ് വിരോധം തന്നെ. ഹമാസിന്റെ ഇഖ്‌വാന്‍ അനുകൂല നിലപാടും പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് നല്‍കുന്ന പിന്തുണയുമാണ് അതിന്റെ കാരണം. ഗസ്സയെയും അതിലുള്ളവരെയും ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കടലിലാഴ്ത്താനാണ് അവര്‍ മോഹിക്കുന്നത്. ഇസ്ഹാഖ് റാബീന്റെയും ഇപ്പോഴത്തെ ഇസ്രയേല്‍ നേതൃത്വത്തിന്റെയും മോഹവും അത് തന്നെ. തന്റെ മോഹങ്ങള്‍ പൂര്‍ത്തീയാക്കാനാകാതെ റാബീന്‍ മരിച്ചു. ഗസ്സ പ്രതിരോധത്തിലുറച്ചും വെല്ലുവിളിയായും നിലനില്‍ക്കെ തന്നെ അവശേഷിക്കുന്നവരും മരിക്കും.
ഈ ഭരണകൂടങ്ങള്‍ ഗസ്സയിലേക്കുള്ള മുഴുവന്‍ തുരങ്കങ്ങളും തകര്‍ത്തു. ഇസ്രയേല്‍ അതിക്രമങ്ങളെ നേരിടാനും സ്വന്തം ജനതക്ക് വേണ്ടി പ്രതിരോധിക്കാനുമുള്ള അത്യാധുനിക ആയുധങ്ങള്‍ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന തുരങ്കങ്ങളും അക്കൂട്ടത്തിലുണ്ട്. റഫ അതിര്‍ത്തി ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ അടഞ്ഞാണ് കിടക്കുന്നത്. അതിനിടയില്‍ വളരെ അടിയന്തിരമായ ഘട്ടങ്ങളില്‍ ഏതാനും മണിക്കൂര്‍ മാത്രമാണ് അത് തുറന്നിട്ടുള്ളത്. എന്നാല്‍ തന്നെ അതിലൂടെ കടന്ന് പോകുന്നവരെ അങ്ങേയറ്റം നിന്ദിക്കുകയും അപമാനിക്കുകയും ചെയ്താണ് കടത്തി വിട്ടിട്ടുള്ളത്. റഫ അതിര്‍ത്തിയിലല്ലാതെ ലോകത്തൊരിടത്തും ഇത്തരം പീഢനങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഇത്തരത്തില്‍ പെരുമാറാന്‍ മാത്രം എന്താണ് അവര്‍ ഈജിപ്ത് ഭരണകൂടത്തോട് ചെയ്തതെന്നും എനിക്കറിയില്ല.
ഹുസ്‌നി മുബാറകിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ഞാന്‍ വിമര്‍ശിച്ചു. ഇപ്പോഴും വിമര്‍ശിക്കുന്നു. അതങ്ങനെ തുടരുകയും ചെയ്യും. എന്നാല്‍ അയാളുടെ ഭരണകൂടം ഒരൊറ്റ തുരങ്കം പോലും തകര്‍ത്തിട്ടില്ല. ആയുധങ്ങളും സൈനിക ഉപകരണങ്ങളും സമ്പത്തും കടത്തുന്നതിന് അതിര്‍ത്തി തുറന്നിടുകയും ചെയ്തു. സ്വന്തം ജനതയോട് അദ്ദേഹം കാണിച്ച അക്രമങ്ങളുടെയും പീഡനങ്ങളുടെയും ഇസ്രയേലുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ പേരിലുമായിരുന്നു ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നത്. നിലവിലെ ഭരണകൂടം ഇസ്രയേല്‍ ബന്ധം നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല ഒന്ന് കൂടി ശക്തിപ്പെടുത്തിയിരിക്കുന്നു.
ഈജിപ്ത് തങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം എടുത്തു കളയാത്ത കാലത്തോളം അവരുടെ മധ്യസ്ഥത ഹമാസ് അംഗീകരിക്കരുത്. റഫ അതിര്‍ത്തി വര്‍ഷം മുഴുവന്‍ തുറന്നിടുകയും ഗസ്സയുടെ മക്കളായി മനുഷ്യരായി കണ്ട് പെരുമാറുകും ചെയ്യട്ടെ. നെതന്യാഹു ഭരണകൂടത്തോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത്. പോരാട്ട ഗ്രൂപ്പുകളുടെ അടിത്തറ തകര്‍ക്കുമെന്നാണ് നെതന്യാഹു വെല്ലുവിളിച്ചിരിക്കുന്നത്. എന്ത് അടിത്തറയാണ് അവിടെ തകര്‍ക്കാനുള്ളത്? അംബരചുംബികളായ കെട്ടിടങ്ങളോ, ആണവ റിയാക്ടറുകളോ അതുമല്ലെങ്കില്‍ വിമാനങ്ങളും ടാങ്കുകളും പീരങ്കികളും നിര്‍മിക്കാനുള്ള ഫാക്ടറികളോ? അതൊന്നുമല്ലെങ്കില്‍ ഇന്ധനക്ഷാമം കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ച വൈദ്യുത നിലയങ്ങളാണോ, അതല്ല തുരുമ്പെടുത്തു തുടങ്ങിയ ജലശുദ്ധീകരണ ഫാക്ടറിയാണോ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്നത്?
ഈ യുദ്ധത്തിന് ശേഷം ഗസ്സയില്‍ എന്ത് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് നെതന്യാഹുവിനോട് നമുക്ക് ചോദിക്കാനുള്ളത്. ഗസ്സയില്‍ നിലനില്‍ക്കാന്‍ അയാളൊരിക്കലും ധൈര്യപ്പെടില്ല. പിന്നെ ഹമാസിന്റെ കഥ കഴിച്ച ശേഷം ആര് അവിടം ഭരിക്കും? പ്രസിഡന്റ് അബ്ബാസിന് ആ വിടവ് നികത്താനാവുമോ? അദ്ദേഹത്തിന്റെ ഭരണകൂടവും സുരക്ഷാ സേനയും പഴയകാല നടപടികള്‍ ഗസ്സയില്‍ ആവര്‍ത്തിക്കുമോ?
ഗസ്സയില്‍ എനിക്ക് ബന്ധുക്കളുണ്ട്. അവരില്‍ ചിലര്‍ ഹമാസ് പ്രവര്‍ത്തകരാണ്. ഫത്ഹില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും ഇതര പോരാട്ട ഗ്രൂപ്പുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും അവരിലുണ്ട്. എന്നാല്‍ സുരക്ഷയും നിയമവും നടപ്പാക്കുന്നതില്‍ ഹമാസ് പോലീസ് വിജയമാണെന്നതില്‍ അവര്‍ക്ക് ആര്‍ക്കും എതിരഭിപ്രായമില്ല. അനുരഞ്ജനത്തിലൂടെ ഫലസ്തീന്‍ ഭരണകൂടത്തിലേക്ക് മടങ്ങുന്നതും അരാജകത്വം ഉണ്ടാകുന്നതുമാണ് അവര്‍ ഭയക്കുന്നത്.
പ്രതിരോധത്തിന്റെ കഥ കഴിക്കുക എന്ന മുമ്പ് പരാജയപ്പെട്ട ലക്ഷ്യം നേടുന്നതില്‍ ഇത്തവണ നെതന്യാഹു വിജയിക്കുമോ എന്നതില്‍ നാം സംശയിക്കുന്നു. പ്രതിരോധമെന്നത് ഓരോ ഫലസ്തീനിയുടെയും ജീനില്‍ ഉള്‍ചേര്‍ന്നിട്ടുള്ളതും പാരമ്പര്യത്തിലൂടെ അവര്‍ കൈമാറി വന്നതുമാണ്. ഫലസ്തീന്‍ ജനത അവരുടെ അന്തസിന് വേണ്ടി വിപ്ലവം നയിക്കും. ഇസ്രയേല്‍ ആക്രമണത്തെ ചെറുക്കുന്നതിന് രക്തസാക്ഷികളെ സമ്മാനിക്കുകയും ചെയ്യും. അതേസമയം പ്രസിഡന്റ് അബ്ബാസ് ഇസ്രയേല്‍ പത്രം ഒരുക്കുന്ന സമാധാന സമ്മേളനത്തില്‍ സംസാരിക്കുയായിരിക്കും. അദ്ദേഹത്തിന്റെ 'വിശുദ്ധ'മായ സുരക്ഷാ സഹകരണം രക്തസാക്ഷിയായ മുഹമ്മദ് അബൂ ഖദീറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോകുന്നതിന് പോലും അനുവദിക്കുന്നില്ല. എത്ര ദുഷിച്ച സഹകരണമാണിത്!
ഗസ്സക്കാര്‍ ചങ്കൂറ്റത്തോടെയും ധീരതയോടെയും സ്വയം പ്രതിരോധിക്കും. മറ്റാരുടെയെങ്കിലും സഹായമോ അമേരിക്കയുടെ കല്‍പ്പനക്കനുസരിച്ച് അവര്‍ക്ക് ആയുധം വാങ്ങാന്‍ എത്തുന്ന ഡോളറുകളോ അവര്‍ കാത്തുനില്‍ക്കുന്നില്ല. ഇസ്രയേല്‍ അതിക്രമത്തിന്റെയും അറബികളുടെ ലജ്ജാകരമായ മൗനത്തിന്റെയും പശ്ചാത്തലത്തില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം അവര്‍ക്ക് മുന്നിലില്ല. മുമ്പ് നടത്തിയ എല്ലാ ആക്രമണങ്ങളിലേയും പോലെ ഇസ്രയേലിന്റെ പുതിയ ആക്രമണത്തിന്റെ ചാരക്കൂനയില്‍ നിന്നും തലയുയര്‍ത്തി അവര്‍ പുറത്തു വരും. ത്യാഗത്തിന്റെയും അനുഗ്രഹത്തിന്റെയും ഈ വിശുദ്ധമാസത്തില്‍ നോമ്പെടുക്കുന്നവരും വിശ്വാസികളുമായ അവരെ അല്ലാഹു ഒരിക്കലും കൈവിടില്ല